Advertisement

ഈ വർഷം നടക്കുന്നത് ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്; പ്രചാരണ ചെലവുകൾക്കായി രാഷ്ട്രീയ പാർട്ടികൾ പണം കണ്ടെത്തുന്നതെങ്ങനെ ?

April 13, 2019
Google News 2 minutes Read
election, fund

ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാകും ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2014 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവായ $5 ബില്യണിൽ കൂടുതൽ ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ചെലവാകുമെന്ന് മിലൻ വൈഷ്ണവ് എന്ന വിദഗ്ധൻ പിടിഐയോട് പറഞ്ഞു. മാത്രമല്ല 2016 ലെ യുഎസ് പ്രസിഡൻഷ്യൽ , കോൺഗ്രഷണൽ തെരഞ്ഞെടുപ്പിൽ ചെലവായ തുകയേക്കാൾ കൂടുതലാകും ഈ വർഷം ഇന്ത്യയിൽ ചെലവാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയധികം തുക തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഓരോ പാർട്ടികളും ചെലവാക്കുകയാണ്. എന്നാൽ എവിടെ നിന്നാണ് സ്ഥാനാർത്ഥികൾക്ക് ഇത്ര ഭീമമായ തുക ലഭിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?

1. ഫണ്ട് സമാഹരണം എങ്ങനെ?

ഇന്ത്യയിൽ പ്രധാനമായും രണ്ട് രീതിയിലാണ് ഫണ്ടുകൾ സമാഹരിക്കുന്നത് – വ്യക്തികളുടെ ഡോണേഷൻ, പിന്നെ കോർപറേറ്റ് ഫണ്ടിംഗ്.

കോർപറേറ്റ് ഫണ്ടിംഗ്

എഡിആർ റിപ്പോർട്ട് പ്രകാരം 2017 നും 2018നും മധ്യേ 422 കോടി രൂപയാണ് കോർപറേറ്റുകൾ ദേശീയ പാർട്ടികൾക്ക് സംഭാവനയായി നൽകിയിരിക്കുന്നത്. ആ സാമ്പത്തിക വർഷത്തിൽ സമാഹരിച്ചതിന്റെ 89.82 ശതമാനം വരും ഈ തുക. ബിജെപിക്ക് കോർപറേറ്റ് ഡൊണേഷനിലൂടെ 400 കോടി രൂപ ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 19 കോടി രൂപയാണ്.

ഭാരതി എന്റർപ്രൈസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയിരിക്കുന്നത്. 154 കോടിയാണ് സ്ഥാപനം ബിജെപിക്ക് നൽകിയത്. രണ്ടാം സ്ഥാനം എബി ജനറൽ എലക്ടറൽ ട്രസ്റ്റിനാണ്. 12.5 കോടിയാണ് സംഭവനയായി നൽകിയിരിക്കുന്നത്. കഡില ഹെൽത്ത് കെയർ (10 കോടി), സിപ്ല ലിമിറ്റഡ് ( 9 കോടി), യുഎസ്വി പ്രൈവറ്റ് ലിമിറ്റഡ് (9 കോടി), മൈക്രോ ലാബ്‌സ് ലിമിറ്റഡ് ( 9 കോടി),എം/എസ് പ്രഗതി ഗ്രൂപ്പ് (8.75 കോടി), റെയർ എന്റർപ്രൈസ് (8 കോടി), മഹാവീർ മെഡികെയർ (6 കോടി), അലംബിക് ഫാർമസ്യൂട്ടിക്കൽസ് (6 കോടി) എന്നിവയാണ് ബിജെപിക്ക് സംഭവന നൽകിയ മറ്റ് സ്ഥാപനങ്ങൾ.

കോൺഗ്രസിനും ഏറ്റവും കൂടുതൽ തുക നൽകിയ സ്ഥാപനമാണ് പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്. 10 കോടിയാണ് ഇവർ കോൺഗ്രസിന് നൽകിയത്. കഡില ഹെൽത്ത് കെയർ 2 കോടി, എബി ജനറൽ ഇലക്ഷൻട്രസ്റ്റ് , ഭാരതീയ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ ഇലക്ടറൽ ട്രസ്റ്റ്, നിർമ്മല ലിമിറ്റഡ്, ട്രയംഫ് ഇലക്ടറൽ ട്രസ്റ്റ് എന്നിവർ ഒരോ കോടി വീതവും കോൺഗ്രസ് സംഭാവന നൽകി.

കോർപറേറ്റ് ഫണ്ടിംഗിലെ അപാകതകൾ

കോർപറേറ്റ് ഫണ്ടിംഗിനായി ഉപയോഗിച്ചിരുന്ന രണ്ട് വ്യവസ്ഥകൾ അടുത്തിടെ സർക്കാർ പുതിയ സാമ്പത്തിക ബില്ലിൽ നിന്നും നീക്കം ചെയ്തിരുന്നു.

*കോർപറേറ്റുകളുടെ കഴിഞ്ഞ മൂന്ന് വർഷത്തെ ലാഭ വിഹിതത്തിൽ നിന്നും 7.5 ശതമാനം നൽകണമെന്ന നിബന്ധന ഇപ്പോൾ എടുത്തുമാറ്റിയിട്ടുണ്ട്.

*ലാഭ-നഷ്ട കണക്കുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പണത്തിന്റെ കണക്കുകൾ കാണിക്കണമെന്ന വ്യസ്ഥയും മാറ്റി

ഏറെ ആശങ്കയോടെയാണ് വിദഗ്ധർ ഇതിനെ നോക്കിക്കാണുന്നത്. ‘7.5 ശതമാനമെന്ന കണക്ക് സർക്കാർ നീക്കിയിരിക്കുന്നു. ഇതോടെ നൂറ് ശതമാനം ലാഭവും ഒരു കമ്പനിക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാം. ഇത് ക്രോണി കാപിറ്റലിസമാണ്. ഇലക്ടറൽ ബോണ്ട് വഴി നൽകുന്ന രാഷ്ട്രീയ സംഭവനകൾ ഇലക്ഷൻ കമ്മീഷന് മുമ്പാകെ കാണിക്കേണ്ടതുമില്ല.’

വ്യക്തികളുടെ ഫണ്ടിംഗ്

2017-18 വർഷത്തിൽ വന്ന സംഭാവനകളിൽ 10 ശതമാനം വ്യക്തികൾ നൽകിയ സംഭാവനകളാണ്. 2,772 ഓളം പേരായി 47 കോടിയാണ് സംഭാവനയായി നൽകിയിരിക്കുന്നത്.

2.  ഏതൊക്കെ രീതിയിൽ ഫണ്ട് സമാഹരിക്കാം

ഇടപാടുകൾ സുതാര്യമായിരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർബന്ധത്തിന് വഴങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് പണമായി ലഭിക്കുന്ന സംഭാവനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചെക്കുകൾ, ഇലക്ടറൽ ബോണ്ട്, മറ്റ് ഡിജിറ്റൽ പണമിടപാടുകൾ എന്നിവയിലൂടെയുള്ള സംഭാവനകൾക്ക് നിയന്ത്രണമില്ല. ഏതൊക്കെ രീതിയിൽ ഫണ്ട് സമാഹരിക്കാം :

പണം

രാഷ്ട്രീയ പാർട്ടികൾക്ക് ഇനി ഒരു വ്യക്തിയിൽ നിന്നും പണമായി 2000 രൂപ വരെ മാത്രമേ വാങ്ങാൻ പാടുള്ളുവെന്ന് 2017 ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. മുമ്പ് 20,000 രൂപവരെയായിരുന്ന പരിധിയാണ് ഇതോടെ 2000 രൂപയിലേക്ക് താഴ്ത്തിയത്.

എന്നാൽ കള്ളപ്പണം തടയാൻ ഇത് സഹായകരമാകില്ലെന്ന് തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം. ‘മുമ്പ് കള്ളപ്പണമായി ലഭിച്ചിരുന്ന പണമത്രെയും 20,000 രൂപയായി പലയാളുകളുടെ പേരിലായാണ് രേഖകളിൽ കാണിച്ചിരുന്നത്. ഇനി അത് 2000 രൂപയായി വീണ്ടും പലയാളികളഉടെ പേരിലായി കാണിക്കു. അപ്പോഴും വരുന്ന പണത്തിന്റെ തോത് കുറയുന്നില്ല. എന്നത് മാത്രമല്ല ഇലക്ടറൽ ബോണ്ട് വഴി വരുന്ന പണത്തിനെ കുറിച്ചും ആർക്കും ധാരണയുണ്ടാകില്ല.’ – വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇലക്ടറൽ ട്രസ്റ്റ്

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒന്നാണ് ഇലക്ടറൽ ട്രസ്റ്റുകൾ. കോർപറേറ്റുകളും വ്യക്തികളും നൽകുന്ന ഫണ്ടുകൾ ഏത് പാർട്ടിക്കാണോ നൽകുന്നത് അതത് പാർട്ടിക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ബിസിനസ്സ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നമായ ഇലക്ടറൽ ട്രസ്റ്റുകളിലൊന്നായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് 144 കോടിയാണ് ബിജെപിക്ക് 2017-18 കാലഘട്ടത്തിൽ നൽകിയത്. 169 കോടിയാണ് ട്രസ്റ്റിന്റെ മൊത്ത വരുമാനം.

ഇന്ത്യാ ടുഡേയുടെ കണക്കുകൾ പ്രകാരം 251 കോടിയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. പത്ത് രാഷ്ട്രീയ പാർട്ടികൾക്കായി ആകെമൊത്തം ലഭിച്ച 365 കോടിയുടെ 70 ശതമാനം വരും ഇത്. കഴിഞ്ഞ വർഷം ഗുജറാത്ത്, ഹിമാചൽ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനായി 131 കോടിയിലധികം രൂപയാണ് ബിജെപി ചെലവഴിച്ചത്. പത്ത് രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് ചെലവഴിച്ച തുകയുടെ 80 ശതമാനം വരും ഇത്. കോണ്ഗ്രസിനാണ് രണ്ടാം സ്ഥാനം. 71 കോടിയാണ് കോൺഗ്രസിന് ലഭിച്ച ഫണ്ട്. 20 കോടിയാണ് ആകെ ചെലവഴിച്ച തുക.

കോർപറേറ്റുകളെല്ലാം ഇലക്ടറൽ ബോണ്ടിലേക്ക് ചുവടുമാറുന്നതുകൊണ്ടുതന്നെ ഇലക്ടറൽ ട്രസ്റ്റുകളുടെ കാലം കഴിഞ്ഞുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നൽകുന്നയാളുടെ വിവരങ്ങൾ പുറത്താകില്ലെന്നതുകൊണ്ട് തന്നെ ഇലക്ടറൽ ബോണ്ടുകളോടാണ് കോർപറേറ്റുകൾക്ക് പ്രിയം.

3. എന്താണ് ഇലക്ടറൽ ബോണ്ടുകൾ ?

2017 ബഡ്ജറ്റിൽ ഇലക്ഷൻ ഫണ്ടുകൾക്കായി ധനമന്ത്രി അവതരിപ്പിച്ച മറ്റൊരു ആശയമാണ് ഇലക്ടറൽ ബോണ്ടുകൾ. ബെയറർ ബോണ്ടുകൾ പോലെ തന്നെ 1000, 10000, ഒരു ലക്ഷം, 10 ലക്ഷം , ഒരു കോടി എന്നിങ്ങനെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ, ഏതൊരു ഇന്ത്യൻ പൗരനോ വാങ്ങാവുന്ന ബോണ്ടുകളാണ് ഇലക്ടറൽ ബോണ്ടുകൾ. തങ്ങളുടെ ഇഷ്ടപാർട്ടിക്ക് ഈ ബോണ്ടുകൾക്ക് നൽകാം. ഇത് പിന്നീട് പാർട്ടികൾ പണമാക്കി മാറ്റും. എസ്ബിഐയിലെ നിശ്ചിത ബ്രാഞ്ചുകളിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകുകയുള്ളു. ഇലക്ടറൽ ബോണ്ട് ഡോണേഴ്‌സിന്റെ വിവരങ്ങൾ രഹസ്യമായിരിക്കമെന്ന സർക്കാരിന്റെ അവകാശവാദമാണ് ഇലക്ടറൽ ബോണ്ടുകൾ ശ്രദ്ധയാകർഷിക്കാൻ കാരണം.

‘ഇത് കാര്യങ്ങൾ സുതാര്യമാക്കും. ഇലക്ടറൽ ബോണ്ട് വാങ്ങിയ വ്യക്തിയുടെ ബാലൻസ് ഷീറ്റിൽ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്ന് കാണിക്കുമെങ്കിലും ഏത് രാഷ്ട്രീയ പാർട്ടിക്കാണ് നൽകിയെന്നതിനെ കുറിച്ച് ഉണ്ടാകില്ല.’- അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം പോലും ഈ വിവരങ്ങൾ പുറത്തുവരില്ല.

എന്നാൽ ക്വിന്റ് നടത്തിയ അന്വേഷണത്തിൽ ഇലക്ടറൽ ബോണ്ടുകളിൽ ഒരു രഹസ്യ ആൽഫാ ന്യൂമറിക്ക് നമ്പറുകൾ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ബോണ്ട് നൽകിയ ഡോണറിന്റെയും, ബോണ്ട് ലഭിച്ച രാഷ്ട്രീയ പാർട്ടിയുടേയും ലിങ്ക് ട്രാക്ക് ചെയ്യാൻ പറ്റും. ഒറിജിനൽ ഡോക്യുമെന്റിന്റെ ഏറ്റവും മുകളിലായി വലതുഭാഗത്ത് ഒരു രഹസ്യ സീരിയൽ നമ്പറുണ്ട്. അൾട്രാ വയലറ്റ് രശ്മികളുടെ വെളിച്ചത്തിലെ ഇത് കാണാൻ സാധിക്കുകയുള്ളു.

ഈ സീരിയൽ നമ്പറുകൾ ഉപയോഗിച്ച് ആരൊക്കെ ഏത് പാർട്ടിക്കാണ് ബോണ്ടുകൾ നൽകിയതെന്ന് ഭരണപക്ഷ പാർട്ടിക്ക് കണ്ടുപിടിക്കാൻ സാധിക്കും. എന്നാൽ മറ്റ് പാർട്ടികൾക്കോ വ്യക്തികൾക്കോ ഇതെ കുറിച്ച് അജ്ഞാതമായിരിക്കുകയും ചെയ്യും. ഇതിൽ എന്ത് സുതാര്യതയാണുള്ളതെന്നാണ് ഉയർന്ന് വരുന്ന ചോദ്യം.

2017-18 കാലഘട്ടത്തിൽ വിറ്റുപോയ 228 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ 210 കോടിയും ലഭിച്ചത് ബിജെപിക്കായിരുന്നു. മാർച്ച് 2018 ൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ 95 ശതമാനം വരും ഇത്. 2017-18 കാലഘട്ടത്തിൽ 95 ശതമാനത്തോളം ബോണ്ടും ഒരു പാർട്ടിക്ക്, അതും ഭരണപക്ഷ പാർട്ടിക്ക്, തന്നെ പോയതിൽ യാദൃശ്ചികതയൊന്നും തന്നെയില്ല.

4. എത്രമാത്രം സമ്പന്നമാണ് രാഷ്ട്രീയ പാർട്ടികൾ ?

ഏപ്രിൽ 2018 ൽ എഡിആർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബിജെപിയാണ് ഏറ്റവും ധനികരായ പാർട്ടി.

2016-17 സാമ്പത്തിക വർഷത്തിൽ 1,034 കോടിയായിരുന്നു ബിജെപിയുടെ വരുമാനം. മുമ്പത്തെ റിപ്പോർട്ടിനേക്കാൾ 81 ശതമാനത്തിന്റെ വർധന ! പിന്നീട് അതേ കാലഘട്ടത്തിൽ 710 കോടിയുടെ ചലവ് കണക്കും പാർട്ടി ഫയൽ ചെയ്തിരുന്നു.

2015-16 സാമ്പത്തിക വർഷത്തിൽ 262 കോടി രൂപ വരുമാനമുണ്ടായിരുന്ന കോൺഗ്രസിന് 2016-17 വർഷത്തിൽ 14 ശതമാനത്തിന്റെ കുറവ് വന്ന് വരുമാനം 225 കോടി രൂപയിലെത്തി. 322 കോടി രൂപയുടെ ചെലവാണ് പാർട്ടി ഫയൽ ചെയ്തത്.

ബിജെപി, കോൺഗ്രസ്, എൻസിപി, സിപിഐഎം, സിപിഐ, ബിഎസ്പി, ടിഎംസി എന്നിവയുടെയെല്ലാം ചേർത്ത് 1,559 കോടി രൂപയാണ് വരുമാനം. ചെലവ് 1228 കോടി രൂപയും.

5. ഈ പണമെല്ലാം ചെലവഴിക്കുന്നതെവിടെ ?

തെരഞ്ഞെടുപ്പുകാലത്ത് ഒരു സ്ഥാനാർത്ഥി ചെലവഴിക്കുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നിശ്ചിത പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ാേരോരുത്തരും പ്രതിനിധാകരിക്കുന്ന മണ്ഡലം അനുസരിച്ച് ലോക്‌സഭാ സ്ഥാനാർത്ഥിക്കാണെങ്കിൽ 50 ല്ക്ഷം രൂപ മുതൽ-70 ലക്ഷം രൂപ വരെ ചെലവഴിക്കാം. സംസ്ഥാന അസംബ്ലി സ്ഥാനാർത്ഥിക്കാണെങ്കിൽ രണ്ട് ലക്ഷം രൂപ മുതൽ 2.8 ലക്ഷം രൂപ വരെ ചെലവഴിക്കാം. എന്നാൽ ഒരു പാർട്ടി ഒന്നടങ്കം ചെലവഴിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

എഡിആറിന്റെ കണക്കുകൾ പ്രകാരം സമാഹരിച്ച 1034.27 കോടി രൂപയിൽ 2016-17 സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുപ്പ്/മറ്റ് അജണ്ഡകൾക്കായി 606.64 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. മറ്റ് ഭരണപരമായ ചെലവുകൾക്കായി 69.78 കോടി രൂപയും ചെയലവായി.

അതേസമയം, 149.65 കോടി രൂപയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. 115.65 കോടി ഭരണപരമായ കാര്യങ്ങൾക്കും, മറ്റ് ചെലവുകൾക്കും ഉപയോഗിച്ചു.

എഡിആർ നടത്തിയ മറ്റൊരു പഠനത്തിൽ, 2017 ന്റെ ആദ്യ പകുതിയിൽ അഞ്ച് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി ഏഴ് ദേശീയ പാർട്ടികളും, 16 പ്രദേശിക പാർട്ടികളുമായി സമാഹരിച്ച 1,503.21 കോടി രൂപയിൽ 494.36 കോടി രൂപയും ചെലവഴിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിരുന്നു. 56 ശതമാനം പബ്ലിസിറ്റിക്കും, 21 ശതമാനം ഗതാഗത ചെലവുകൾക്കും ചെലവഴിച്ചു. പബ്ലിസിറ്റിക്കും പരസ്യത്തിനും മാത്രമായി ദേശീയ പാർട്ടികൾ ചെലവാക്കിയത് 189.46 കോടി രൂപയാണെന്നും പഠനത്തിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടികളെ കുറിച്ചും, സ്ഥാനാർത്ഥികളെ കുറിച്ചും മണ്ഡലങ്ങളെ കുറിച്ചുമല്ലാതെ, പൊതു തെരഞ്ഞെടുപ്പിന്റെ ‘മറ്റൊരു വശം’ തുറന്നു കാട്ടുന്ന, തെരഞ്ഞെടുപ്പിനെ കുറിച്ച് നമ്മുടെയുള്ളിലെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന പംക്തിയാണ് എബിസിഡി ഓഫ് ഇലക്ഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here