കണക്കു തീർക്കാൻ കൊൽക്കത്ത; വിജയം തുടരാൻ ചെന്നൈ: ടോസ് അറിയാം

ചെന്നൈ സൂപ്പർ കിംഗ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ടോസ് നേടിയ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് സിഎസ്കെ ഇറങ്ങുന്നതെങ്കിൽ കൊൽക്കത്ത നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. സുനിൽ നരേൻ, ക്രിസ് ലിൻ, ഹാരി ഗുർണി എന്നിവരാണ് കൊൽക്കത്ത നിരയിൽ തിരികെ എത്തിയത്.

ഇന്ന് ചെന്നൈക്കെതിരെ കളിക്കാനിറങ്ങുന്ന കൊക്കത്തയ്ക്ക് ഒരു കണക്കു തീർക്കാനുണ്ട്. സീസണിൽ മുൻപ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ തോൽവി വഴങ്ങേണ്ടി വന്നത് കൊൽക്കത്തയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടാവും. ആ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ഇന്ന് കൊൽക്കത്ത ഇറങ്ങുക.

പക്ഷേ, അപാര ഫോമിലുള്ള ചെന്നൈയെ തോൽപിക്കുക എന്നത് അത്ര എളുപ്പമാവില്ല. എങ്ങനെ കളി ജയിക്കണമെന്നറിയാവുന്ന ഒരു കൂട്ടം ‘കിഴവന്മാരും’ അവരെ നയിക്കാൻ എംഎസ് ധോണി എന്ന സൂത്രശാലിയായ ക്യാപ്റ്റനുമുള്ളപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് വളരെ കരുത്തുറ്റ ഒരു ടീമായി മാറുന്നു. അതുകൊണ്ട് തന്നെയാണ് ഏഴു കളികളിൽ നിന്ന് ആറ് വിജയങ്ങളുമായി അവർ പോയിൻ്റ് ടേബിളിൽ തലപ്പത്ത് നിൽക്കുന്നതും.

ആകെ ചെന്നൈയുടെ പ്രശ്നം ഷെയിൻ വാട്സൺ മാത്രമാണ്. 15 ശരാശരിയിൽ വെറും 105 റൺസ് മാത്രമാണ് സീസണിൽ വാട്സണിൻ്റെ സമ്പാദ്യം. സുരേഷ് റെയ്നയുടെ സ്ഥിതിയും അത്ര മെച്ചമൊന്നുമല്ലെങ്കിലും വാട്സണിൻ്റെ മോശം ഫോം ചെന്നൈയെ വലട്ടുന്നുണ്ട്. ഈഡൻ ഗാർഡൻസിലെ ബാറ്റിംഗ് പിച്ചിൽ ഫോം വീണ്ടെടുക്കാൻ വാട്സണ് ഒരു അവസരം കൂടി ടീം മാനേജ്മെൻ്റ് നൽകിയിട്ടുണ്ട്.

ഇമ്രാൻ താഹിറും ഹർഭജൻ സിംഗും ഉൾപ്പെടുന്ന ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെപ്പറ്റി ഒന്നും പറയാനില്ല. ഐപിഎല്ലിലെയും അന്താരാഷ്ട്ര ക്രിക്കറ്റിലെയും വർഷങ്ങൾ നീണ്ട അനുഭവജ്ഞാനം ഇരുവരും പുറത്തെടുക്കുമ്പോൾ വിയർക്കുന്നത് എതിർ ടീമിലെ ബാറ്റ്സ്മാന്മാരാണ്. ദീപക് ചഹാർ ഇന്ത്യൻ ടീമിലേക്കുള്ള യാത്രയിലാണ്. പവർപ്ലേയിൽ മാത്രമല്ല, ഡെത്ത് ഓവറുകളിലും ഉപയോഗിക്കാൻ കഴിയുന്ന വൈവിധ്യങ്ങളുള്ള ഒരു ബൗളറായി ചഹാർ മാറിക്കഴിഞ്ഞു.

കൊൽക്കത്തയ്ക്ക് കാര്യങ്ങൾ ശുഭകരമല്ല. ക്യാമ്പിൽ പനി പടർന്നു പിടിച്ചതോടെ ഓപ്പണർമാരടക്കമുള്ളവരെ അവർക്ക് കഴിഞ്ഞ കളി പുറത്തിരുത്തേണ്ടി വന്നു. കാർത്തികിനും പനി ഉണ്ടായിരുന്നെങ്കിലും അത് അവഗണിച്ച് അദ്ദേഹം കളിച്ചു. റസലിനും ചെറിയ പരിക്കുണ്ട്. ഒപ്പം ബൗളർമാരുടെ മോശം ഫോമും കൊൽക്കത്തയുടെ പ്രശ്നമാണ്.

ആന്ദ്രേ റസലിൻ്റെ മാത്രം ബലത്തിലാണ് ടീം മുന്നോട്ടു പോകുന്നത്. ടീമിനായി ഏറ്റവും റൺസെടുത്തതും ഏറ്റവും വിക്കറ്റെടുത്തതും റസലാണ്. കഴിഞ്ഞ മത്സരത്തിൽ സ്ട്രോക്ക് പ്ലേയുടെ കിടിലൻ പ്രദർശനവുമായി ശുഭ്മൻ ഗിൽ നിറഞ്ഞാടിയെങ്കിലും ഓപ്പണർമാർ തിരികെ എത്തിയതോടെ ബാറ്റിംഗ് ഓർഡറിൽ വീണ്ടും ഗിൽ താഴെയിറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top