രക്ഷകനായി റെയ്ന; ചെന്നൈക്ക് ഏഴാം ജയം

ചെന്നൈയുടെ ഏറ്റവും മികച്ച റൺ സ്കോറർ സുരേഷ് റെയ്ന അർദ്ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ചെന്നൈക്ക് അനായാസ വിജയം. 58 റൺസെടുത്ത റെയ്നയുടെ ഇന്നിംഗ്സാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. റെയ്നക്കൊപ്പം സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച ജഡേജയുടെ ഇന്നിംഗ്സും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായി.
സീസണിലിതു വരെ ഫോം കണ്ടെത്താൻ സാധിക്കാതിരുന്ന വാട്സൺ ഹാരി ഗുർണി എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം പന്തിൽ തന്നെ പുറത്തായി. ഇന്നിംഗ്സിലെ നാലാം ഓവറായിരുന്നു അത്. 29ആം റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ ചെന്നൈക്ക് കൃത്യമായ ഇടവേളകളിൽ കൊൽക്കത്ത ബൗളർമാർ തിരിച്ചടി നൽകിക്കൊണ്ടിരുന്നു. മികച്ച രീതിയിൽ സ്കോർ ചെയ്ത ഫാഫ് ഡുപ്ലെസിസിനെ പവർ പ്ലേയുടെ അവസാന ഓവറിൽ സുനിൽ നരേൻ ക്ലീൻ ബൗൾഡാക്കി. 16 പന്തുകളിൽ 5 ബൗണ്ടറി അടക്കം 24 റൺസെടുത്ത ഡുപ്ലെസിസ് പുറത്തായത് സ്കോറിംഗ് നിരക്കിനെ ബാധിച്ചു.
ഗുർണിക്കെതിരെ ഒരു ലെഗ് ബിഫോർ വിക്കറ്റ് അതിജീവിച്ച റെയ്ന സാവധാനത്തിലാണ് സ്കോറിംഗ് തുടങ്ങിയത്. ഇതിനിടെ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 5 റൺസ് മാത്രമെടുത്ത റായുഡു പുറത്തായി. തുടർന്ന് ക്രീസിലെത്തിയ കേദാർ ജാദവ് നന്നായി തുടങ്ങിയെങ്കിലും ചൗളയുടെ പന്തിൽ ഉത്തപ്പ പിടിച്ച് പുറത്തായി. 12 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 20 റൺസെടുത്തതിനു ശേഷമാണ് ജാദവ് പുറത്തായത്. തുടർന്നായിരുന്നു ധോണിയുടെ ഊഴം. ചെന്നൈയുടെ പഴയ പടക്കുതിരകൾ ഒന്നിച്ചതോടെ റണ്ണൊഴുകാൻ തുടങ്ങി.
എന്നാൽ ഇന്നിംഗ്സിൻ്റെ 16ആം ഓവറിൽ സുനിൽ നരേനെ തിരികെ വിളിക്കാനുള്ള കാർത്തികിൻ്റെ തീരുമാനം ചെന്നൈക്ക് തിരിച്ചടിയായി. ഓവറിൽ ഒരു റൺസ് മാത്രം വിട്ടു നൽകി ധോണിയുടെ വിക്കറ്റെടുത്ത നരേൻ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 13 പന്തുകളിൽ ഒരു സിക്സറടക്കം 16 റൺസെടുത്ത ധോണി വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. ഇതിനിടെ 36 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറിയും റെയ്ന പൂർത്തിയാക്കി. ശേഷം ഒത്തു ചേർന്ന റെയ്ന-ജഡേജ സഖ്യം വലിയ പരിക്കുകളില്ലാതെ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു. ഹാരി ഗുർണി എറിഞ്ഞ 19ആം ഓവറിൽ തുടർച്ചയായ 3 ബൗണ്ടറികളടക്കം 16 റൺസെടുത്ത ജഡേജയാണ് റൺ ചേസ് ചെന്നൈക്ക് അനുകൂലമാക്കിയത്. 8 റൺസ് മാത്രം വേണ്ടിയിരുന്ന ചൗളയുടെ അവസാന ഓവറിലെ നാലാം പന്തിൽ ചെന്നൈ വിജയം തൊട്ടു. 42പന്തുകളിൽ 58 റൺസെടുത്ത റെയ്നയും 16 പന്തുകളിൽ 29 റൺസെടുത്ത ജഡേജയും പുറത്താവാതെ നിന്നു.
നേരത്തെ 4 വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിറിൻ്റെ ബൗളിംഗ് പ്രകടനമാണ് കൊൽക്കത്തയെ തളച്ചത്. 82 റൺസെടുത്ത ക്രിസ് ലിൻ മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here