20
Apr 2019
Saturday
Election Expert

‘വിജയ് സേതുപതി മനുഷ്യനല്ല; മനുഷ്യരൂപമുള്ള മാലാഖയാണ്’: തിരക്കഥാകൃത്ത് ജോൺ പോളിന്റെ ഡ്രൈവർ ജോളി ജോസഫിന്റെ കുറിപ്പ് വൈറൽ

വിജയ് സേതുപതി ഒരു മികച്ച നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ്. ആരാധകർ സ്നേഹത്തോടെ മക്കൾ സെൽവൻ എന്നു വിളിക്കുന്ന അദ്ദേഹത്തിൻ്റെ സ്നേഹവും കരുതലും പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. തന്നെ കാണാനെത്തുന്ന ആരാധകരെ കെട്ടിപ്പിടിച്ചും ചുംബിച്ചും വിജയ് സേതുപതി അവരുടെ മനസ്സിലാണ് ഇരിപ്പുറപ്പിച്ചത്.

അടുത്തിടെയാണ് തൻ്റെ ആദ്യ മലയാള ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി അദ്ദേഹം കേരളത്തിലെത്തിയത്. ജയറാമിനൊപ്പം ‘മാർക്കോണി മത്തായി’ എന്ന സിനിമയിലാണ് നിലവിൽ വിജയ് സേതുപതി അഭിനയിക്കുന്നത്. സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കു വെക്കുകയാണ് മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ ഡ്രൈവർ ജോളി ജോസഫ്.

ജോളിയുടെ കുറിപ്പ്:

ഞാൻ ചെയ്യാൻ പോകുന്ന ഒരു പ്രോജക്ടിന്റെ കുറച്ചു സംശയങ്ങൾ തീർക്കാനായിരുന്നു അറിവിന്റെ നിറകുടമായ ജോൺ പോൾ സാറുമായി ഇന്ന് കറങ്ങിയത്. വിശേഷങ്ങൾ പറഞ്ഞു എത്തിയത് എന്റെ പ്രിയ സുഹൃത്ത് ലെനിൻ ഭാരതി സംവിധാനം ചെയ്ത ”മെർകു തുടർചി മലൈ” ( Western Ghats) എന്ന ഗംഭീര തമിഴ് സിനിമയിലും. ആ സിനിമയുടെ നിർമാതാവ് സാക്ഷാൽ മക്കൾ സെൽവൻ വിജയ് സേതുപതിയാണെന്ന് പലർക്കും അറിയില്ല. കഷ്ടപ്പാടിലൂടെ കയറിവന്ന നടൻ, നിർമാതാവ്, കവി, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ അതിനുമപ്പുറം ഒരു നല്ല മനുഷ്യൻ എന്നറിയപ്പെടുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന അദ്ദേഹം ”മാർക്കോണി മത്തായി” എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ സുഹൃത്തും, മലയാള സിനിമയുടെ സ്വന്തം ‘ബാദുഷ’യുമായ, കൺട്രോളർ ബാദുഷയെ വിളിച്ചപ്പോഴാണ് ഇന്നത്തെ ഷൂട്ടിംഗ് നടക്കുന്നത് ഇടപ്പള്ളിയിൽ ആണെന്നറിഞ്ഞത്!!! പിന്നെ സാറിനെയും കൊണ്ട് നേരെ വണ്ടി വിട്ടൂ, ഷൂട്ടിങ് സെറ്റിലേക്ക് …!!

ജോൺ സാർ വന്നതറിഞ്ഞു ഓടി വന്നു നിർമാതാവ് സത്യം ഓഡിയോസിന്റെ പ്രേമേട്ടൻ, സംവിധായകൻ സനൽ കളത്തിൽ, കൺട്രോളർ ബാദുഷ, ആർട്ട് ഡയറക്ടർ സാലു കെ ജോർജ്, ഡാൻസ് മാസ്റ്റർ പ്രസന്ന, പിന്നെ സാറിന്റെ ഒരുപാടു ശിഷ്യമാരും. കാറിൽ നിന്നിറങ്ങാൻ സമ്മതിക്കാതെ എല്ലാവരും സെൽഫി എടുക്കൽ, കൈ കൊടുക്കൽ, അങ്ങിനെ പൂരം. ഞാൻ ജോൺ സാറിന്റെ ഡ്രൈവർ മാത്രം. ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല, ബാദുഷ ഒഴികെ.

വിഷണ്ണനായി ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ, എന്റെ കാറിന്റെ അടുത്തേക്ക് നടന്നു വരുന്നു വിജയ് സേതുപതി എന്ന സൂപ്പർ സ്റ്റാർ. ഞാൻ ചാടിയിറങ്ങി. എന്നെ കണ്ടയുടനെ വന്നു, ”ഹെലോ സർ” കൂടെ ഒരു ചെറു ചിരി ചേർന്ന കെട്ടിപ്പിടിത്തം, പിന്നെ നേരെ സാർ ഇരുന്ന കാറിന്റെ സൈഡിലേക്ക് പോയ സൂപ്പർസ്റ്റാർ, ജോൺ സാറെന്ന ഗുരുവിൽ ശിഷ്യപെടുന്നത് കണ്ണാലെ കൺകണ്ടു കൺകുളുർത്തു! വെറുതെയല്ല തമിഴ്നാട് മക്കൾ, നിങ്ങളെ മക്കൾസെൽവം ആക്കിയത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിൻ ഭാരതി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു…!!!


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top