സ്പിന്നർമാർ നിറഞ്ഞാടിയിട്ടും ആർസിബിക്ക് നിരാശ; വീണ്ടും തോൽവി

സ്പിന്നർമാർ നിറഞ്ഞാടിയിട്ടും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോൽവി തന്നെ. മുംബൈ ഇന്ത്യൻസിനെതിരെ 5 വിക്കറ്റ് തോൽവിയാണ് വാംഖഡെയിൽ ആർസിബി വഴങ്ങിയത്. സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക്ക് പാണ്ഡ്യയുടെ ഇന്നിംഗ്സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ഒരോവർ ബാക്കി നിൽക്കെയായിരുന്നു മുംബൈയുടെ വിജയം. പാണ്ഡ്യ 37 റൺസെടുത്ത് പുറത്താവാതെ നിന്നു. 40 റൻസെടുത്ത ക്വിൻ്റൺ ഡികോക്കും മറ്റ് ശ്രദ്ധേയ സംഭാവനകൾ നൽകിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി. രണ്ട് വിക്കറ്റ് വീതമെടുത്ത യുസ്‌വേന്ദ്ര ചഹാലും മൊയീൻ അലിയുമാണ് ആർസിബിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്.
ഓപ്പണർമാരായ ക്വിൻ്റൺ ഡികോക്കും രോഹിത് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് മുംബൈക്ക് നൽകിയത്. ആദ്യ പവർ പ്ലേയിൽ 67 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ആർസിബി പേസർമാരെ തല്ലിച്ചതച്ചു. മത്സരം കൈവിട്ട് പോകുമെന്ന് തോന്നിയ സമയത്താണ് കോഹ്‌ലി സ്പിന്നർമാർക്ക് പന്തേല്പിക്കുന്നത്. ഏഴാം ഓവർ എറിഞ്ഞ പവൻ നെഗിക്ക് നല്ല ബൗൺസും ടേണും ലഭിച്ചതോടെ കോഹ്‌ലി പന്ത് മൊയീൻ അലിക്ക് നൽകി. ആ ഓവറിൽ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 19 പന്തുകളിൽ രണ്ട് വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 28 റൺസെടുത്ത രോഹിത് ശർമ്മ ഓവറിലെ ആദ്യ പന്തിലും 26 പന്തുകളിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 40 റൺസെടുത്ത ക്വിൻ്റൺ ഡികോക്ക് ഓവറിലെ നാലാം പന്തിലുമാണ് പുറത്തായത്. ഓപ്പണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.
ടേൺ പ്രതിരോധിക്കാൻ സ്പിന്നർമാരെ കടന്നാക്രമിച്ച ഇഷൻ കിഷൻ ചഹാലിനെതിരെ രണ്ടാം സിക്സ് ആവർത്തിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. 9 പന്തുകൾ നേരിട്ട് 3 സിക്സറുകൾ സഹിതം 21 റൺസിൻ്റെ കൗണ്ടർ അറ്റാക്ക് നടത്തിയ ശേഷമായിരുന്നു കിഷൻ്റെ പുറത്താവൽ. 11ആം ഓവറിൽ കിഷൻ പുറത്തായതോടെ ക്രീസിൽ ഒത്തു ചേർന്ന സൂര്യകുമാർ യാദവും കൃണാൽ പാണ്ഡ്യയും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചെങ്കിലും സ്പിന്നർമാർക്ക് മികച്ച ടേൺ ലഭിക്കുന്ന പിച്ചിൽ റൺ വരണ്ട് തുടങ്ങി. റൺ വരൾച്ച സമ്മർദ്ദമുണ്ടാക്കിയതോടെ റൺ നിരക്ക് ഉയർത്താനുള്ള സൂര്യകുമാർ യാദവിൻ്റെ ശ്രമം ലോങ്ങ് ഓഫിൽ അവസാനിച്ചു. ചഹാലിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങവേ 23 പന്തുകളിൽ നിന്നും രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം സൂര്യകുമാർ 29 റൺസെടുത്തിരുന്നു.
അവസാന നാലോവറിൽ 41 റൺസായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ക്രീസിലൊത്തു ചേർന്ന പാണ്ഡ്യ സഹോദരങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും ബാംഗ്ലൂർ ബൗളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞ് റൺ നിരക്ക് പിടിച്ചു നിർത്തി. റൺ നിരക്കുയർത്താനുള്ള ശ്രമത്തിനിടെ 18ആം ഓവറിലെ അഞ്ചാം പന്തിൽ കൃണാൽ പാണ്ഡ്യ പുറത്തായതോടെ മുംബൈ സമ്മർദ്ദത്തിലായി. 21 പന്തുകളിൽ 11 റൺസെടുത്ത കൃണാലിനെ മുഹമ്മദ് സിറാജാണ് വീഴ്ത്തിയത്.
19ആം ഓവറിൽ പവൻ നെഗിക്ക് പന്തേല്പിക്കാനുള്ള ബൗളിംഗ് കോച്ച് ആശിഷ് നെഹ്റയുടെ നിർദ്ദേശം കോഹ്‌ലി അനുസരിച്ചതോടെയാണ് കളി മാറിയത്.ആ ഓവറിൽ രണ്ട് ബൗണ്ടറികളും സിക്സറുകളും വീതമടിച്ച് ഹർദ്ദിക്ക് പാണ്ഡ്യ മുംബൈക്ക് വിജയമൊരുക്കുകയായിരുന്നു. 16 പന്തുകളിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 37 റൺസെടുത്ത ഹർദ്ദിക്ക് പുറത്താവാതെ നിന്നു.
നേരത്തെ, എബി ഡിവില്ല്യേഴ്സും മൊയീൻ അലിയും തിളങ്ങിയതോടെയാണ് മുംബൈ ഇന്ത്യൻസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ കണ്ടെത്താനായത്. അർദ്ധസെഞ്ചുറി നേടിയ ഇരുവരുടെയും ഇന്നിംഗ്സാണ് ബാംഗ്ലൂരിന് ഊർജ്ജമായത്. എട്ട് റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തായെങ്കിലും എബിയുടെയും മൊയീൻ അലിയുടെയും മികച്ച ബാറ്റിംഗ് പ്രകടനം ബാംഗ്ലൂരിന് തുണയാവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here