രാഹുലിന് അർദ്ധ സെഞ്ചുറി: പഞ്ചാബിന് കൂറ്റൻ സ്കോർ

ഓപ്പണർ കെഎൽ രാഹുലിൻ്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് പഞ്ചാബ് എടുത്തത്. 52 റൺസെടുത്ത രാഹുലിനൊപ്പം ക്രിസ് ഗെയിൽ, മയങ്ക് അഗർവാൾ, ഡേവിഡ് മില്ലർ എന്നിവരുടെ ഇന്നിംഗ്സുകളും പഞ്ചാബിന് ഊർജ്ജമായി. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് പഞ്ചാബ് നിരയിൽ നാശം വിതച്ചത്.
കളിയുടെ ആരംഭത്തിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ കിംഗ്സ് ഇലവൻ ഓപ്പണർമാരായ കെ എൽ രാഹുലിനെയും ക്രിസ് ഗെയിലിനെയും ക്രീസിൽ തളച്ചിട്ടു. കെട്ടുപൊട്ടിച്ച് കളിക്കാൻ തുറ്റങ്ങിയ ക്രിസ് ഗെയിലിനെ പുറത്താക്കിയ ജോഫ്ര ആർച്ചർ രാജസ്ഥാണ് ആദ്യ ബ്രേക്ക്ത്രൂ നൽകി. പവർപ്ലേയുടെ അവസാന ഓവറിൽ 22 പന്തുകളിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 30 റൺസെടുത്ത ഗെയിൽ പുറത്താവുമ്പോൾ സ്കോർ ബോർഡിൽ 38 റൺസ് മാത്രം.
തുടർന്ന് ക്രീസിലെത്തിയ മയങ്ക് അഗർവാൾ ശരവേഗത്തിലാണ് സ്കോർ ചെയ്തത്. കേവലം പന്ത്രണ്ട് പന്തുകളിൽ നിന്നും 26 റൺസെടുത്ത് പുറത്തായ മയങ്ക് രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും അടിച്ചിരുന്നു. ഇഷ് സോധിക്കാായിരുന്നു വിക്കറ്റ്. മയങ്ക് പുറത്തായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലറും കെഎൽ രാഹുലും മികച്ച കളി കെട്ടഴിച്ചു. 12ആം ഓവറിൽ മാത്രം തൻ്റെ ആദ്യ ബൗണ്ടറി കണ്ടെത്തിയ കെഎൽ രാഹുൽ 27 പന്തുകളിൽ നിന്നും 17 എന്ന നിലയിൽ നിന്ന് 47 പന്തുകളിൽ 52 എന്ന നിലയിലാണ് പുറത്തായത്. 18ആം ഓവറിലെ ആദ്യ പന്തിൽ ഉനദ്കട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും രാഹുൽ തൻ്റെ പേരിൽ കുറിച്ചിരുന്നു. മില്ലറുമായി 85 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമായിരുന്നു രാഹുലിൻ്റെ പുറത്താവൽ.
27 പന്തുകളിൽ നിന്നും രണ്ട് വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 40 റൺസെടുത്ത ഡേവിഡ് മില്ലർ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായി. ആ ഓവറിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 17 റൺസെടുത്ത ക്യാപ്റ്റൻ അശ്വിൻ്റെ കൂറ്റനടികളാണ് പഞ്ചാബിൻ്റെ സ്കോർ 180 കടത്തിയത്.
നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാനു വേണ്ടി തിളങ്ങിയത്. ഇഷ് സോധി, ധവാൽ കുൽക്കർണി, ജയ്ദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here