കാട്ടാക്കടയിലെ ഉച്ചഭാഷിണി വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ക്ഷേത്ര കമ്മിറ്റിയും സിപിഎമ്മും

കാട്ടാക്കടയിലെ ഉച്ചഭാഷിണി വിവാദത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയുമായി ക്ഷേത്ര കമ്മിറ്റിയും സിപിഎമ്മും . ഇന്നലെയാണ് കാട്ടാക്കടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരിക്കെ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണിയിൽ നാമജപം മുഴങ്ങിയത്. ഇതേ തുടർന്ന് സിപിഎം നേതാക്കൾ വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു.
ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ സമ്പത്തിന്റെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഉച്ചഭാഷിണിയിൽ നിന്ന് നാമജപം ഉയർന്നത്. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തുകയും വേദിയിലുണ്ടായിരുന്ന നേതാക്കളോട് കാര്യം തിരക്കുകയും ചെയ്തു. ഇതോടെ സിപിഎം പ്രവർത്തകർ ഉച്ചഭാഷിണിയുടെ വൈദ്യുതബന്ധം വിച്ഛേദിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗം അലങ്കോലപ്പെടുത്താൻ നടത്തിയ ഗൂഡാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ പോലീസ് ജാഗ്രത പാലിച്ചില്ലെന്ന് ഐ.ബി സതീഷ് എംഎൽഎ ആരോപിച്ചു. സംഭവത്തിൽ എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.യോഗത്തെക്കുറിച്ച് ക്ഷേത്ര കമ്മിറ്റിയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. എന്നാൽ സിപിഎം നേതാക്കൾ ഇതേപ്പറ്റി സംസാരിച്ചിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികളും പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here