Advertisement

വരിഞ്ഞു മുറുക്കി സ്പിന്നർമാർ; കിംഗ്സ് ഇലവന് അനായാസ ജയം

April 16, 2019
Google News 0 minutes Read

സ്പിന്നർമാരുടെ ഉജ്ജ്വല പ്രകടന മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ വിജയം. 12 റൺസിനായിരുന്നു പഞ്ചാബ് വിജയം കുറിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തിയ മുരുഗൻ അശ്വിനുമാണ് രാജസ്ഥാൻ്റെ വിധിയെഴുതിയത്. നാലോവറുകളിൽ 24 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു ഇരുവരുടെയും പ്രകടനം. ഫീൽഡിംഗിനിടെ പരിക്ക് പറ്റിയ മുജീബ് റഹ്മാൻ മൂന്നോവറിൽ വിട്ടു കൊടുത്തതും 24 റൺസ്. രാജസ്ഥാനു വേണ്ടി 50 റൺസെടുത്ത രാഹുൽ ത്രിപാഠി മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.

ആദ്യ ഐപിഎൽ മത്സരം കളിക്കുന്ന അർഷ്ദീപ് സിംഗ് തുടക്കമിട്ട കിംഗ്സ് ഇലവൻ ബൗളിംഗിനെ പ്രഹരിച്ചാണ് രാജസ്ഥാൻ ഓപ്പണർമാർ റൺ ചേസ് ആരംഭിച്ചത്. 4 ഓവറിൽ 38 റൺസിലെത്തിയ രാജസ്ഥാന് പക്ഷേ, തൊട്ടടുത്ത ഓവറിൽ ജോസ് ബട്ലറെ നഷ്ടപ്പെട്ടു. അർഷ്ദീപ് സിംഗിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച ബട്ലർ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂറാൻ്റെ കൈകളിൽ അവസാനിച്ചു. അർഷ്ദീപിന് ആദ്യ ഐപിഎൽ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 17 പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 23 റൺസായിരുന്നു ബട്ലറുടെ സമ്പാദ്യം.

ശേഷം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും ചേർന്ന് രാജസ്ഥാൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. ഫീൽഡിലെ ഒഴിഞ്ഞ ഇടങ്ങൾ കണ്ടെത്തി സിംഗിളുകളും ഡബിളുകളും കണ്ടെത്തിയ ഇരുവരും ഇടക്കിടെ ബൗണ്ടറികളും നേടി. ത്രിപാഠിയുമായി 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഞ്ജു 12ആം ഓവറിൽ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 21 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 27 റൺസെടുത്ത ശേഷമായിരുന്നു സഞ്ജു പുറത്തായത്. ത്രിപാഠി സീസണിലെ തൻ്റെ ആദ്യ അർദ്ധസെഞ്ചുറി കണ്ടെത്തിയെങ്കിലും അതിന് 45 പന്തുകൾ വേണ്ടി വന്നത് രാജസ്ഥാന് തിരിച്ചടിയായി.

ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്ടൻ ടേണർ നേരിട്ട ആദ്യ പന്തിൽ തന്നെ മുരുഗൻ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്നെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്നതോടെ രാജസ്ഥാൻ തോൽവി വഴങ്ങുകയായിരുന്നു. അവസാന ഘട്ടത്തിൽ ചില കൂറ്റനടികളിലൂടെ സ്റ്റുവർട്ട് ബിന്നി രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലെത്താൻ അത് മതിയാവുമായിരുന്നില്ല. 11 പന്തുകളിൽ നിന്ന് 2 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 33 റൺസെടുത്ത ബിന്നി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 12 റൺസകലെ വെച്ച് രാജസ്ഥാൻ തോൽവി സമ്മതിക്കുകയായിരുന്നു.

നേരത്തെ, ഓപ്പണർ കെഎൽ രാഹുലിൻ്റെ അർദ്ധ സെഞ്ചുറിയുടെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് പഞ്ചാബ് എടുത്തത്. 52 റൺസെടുത്ത രാഹുലിനൊപ്പം ക്രിസ് ഗെയിൽ, മയങ്ക് അഗർവാൾ, ഡേവിഡ് മില്ലർ എന്നിവരുടെ ഇന്നിംഗ്സുകളും പഞ്ചാബിന് ഊർജ്ജമായി. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് പഞ്ചാബ് നിരയിൽ നാശം വിതച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here