ഹർദ്ദിക്ക് വെടിക്കെട്ട്; ഡൽഹിക്ക് 169 റൺസ് വിജയ ലക്ഷ്യം

ഹർദ്ദിക്ക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇന്നിംഗ്സ് മാറ്റിമറിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 169 റൺസ് വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 168ലെത്തിയത്. സ്ലോ പിച്ചിൽ സ്പിന്നർമാരായ അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവരുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. മുംബൈക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മ, ക്വിൻ്റൺ ഡികോക്ക് എന്നിവരും ഹർദ്ദിക്ക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ എന്നിവരും തിളങ്ങി.
ആദ്യ പവർ പ്ലേയിൽ തന്നെ 57 റൺസെടുത്ത ഓപ്പണർമാർ മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. പവർപ്ലേ അവസാനിച്ചതിനു തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ രൊഹിത് ശർമ്മ പുറത്തായി. 22 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 30 റൺസെടുത്ത രോഹിതിൻ്റെ കുറ്റി പിഴുതാണ് മിശ്ര ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ ബെൻ കട്ടിംഗിനെ തൊട്ടടുത്ത ഓവറിൽ അക്സർ പട്ടേൽ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവും ഡികോക്കും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കവേ ദൗർഭാഗ്യകരമായി ഡികോക്ക് റണ്ണൗട്ടായതോടെ മുംബൈ പതറി.
ഡികോക്ക് പുറത്തായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന സൂര്യകുമാർ യാദവും കൃണാൽ പാണ്ഡ്യയും ചേർന്ന് പതിയെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടു പോയി. എന്നാൽ റൺ നിരക്കുയർത്താനുള്ള ശ്രമത്തിനിടെ 16ആം ഓവറിൽ സൂര്യകുമാർ യാദവ് റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടായിരുന്നു മുംബൈയെ കൈ പിടിച്ചുയർത്തിയ കൂട്ടുകെട്ട്. സഹോദരന്മാരായ കൃണാലും ഹർദ്ദിക്കും ഒത്തു ചേർന്നതോടെ മുംബൈ സ്കോർ ബോർഡിനു വേഗതയേറി. കൂറ്റനടികളിലൂടെ ഹർദ്ദിക്ക് അതിവേഗം സ്കോർ ഉയർത്തിയപ്പോൾ കൃണാൽ അനിയന് മികച്ച പിന്തുണ നൽകി. അവസാന ഓവറിലെ മൂന്നാം പന്തിലാണ് ഹർദ്ദിക്ക് പുറത്തായത്. കൃണാലിനൊപ്പം 54 റൺസിൻ്റെ കൂട്ടു കെട്ട് പടുത്തുയർത്തിയ ഹർദ്ദിക്ക് 15 പന്തുകളിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 32 റൺസായിരുന്നു ഹർദ്ദിക്കിൻ്റെ സമ്പാദ്യം. ഹർദ്ദിക്ക് പുറത്തായതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത കൃണാൽ അവസാന മൂന്ന് പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈ 160 കടന്നു.
ഡൽഹിക്ക് വേണ്ടി മധ്യ ഓവറുകളിൽ തകർത്തെറിഞ്ഞ സ്പിന്നർമാരാണ് തിളങ്ങിയത്. ഇരുവരും ഒരോ വിക്കറ്റുകൾ വീതം വീഴ്ത്തി. റബാഡ 2 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 38 റൺസ് വഴങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here