കേരളത്തിൽ ഗുസ്തിയും കേന്ദ്രത്തിൽ ദോസ്തിയും; ഇരു മുന്നണികളെയും കടന്നാക്രമിച്ച് മോദി

കേരളത്തിൽ പരസ്പരം എതിർക്കുന്നവർ (ഗുസ്തി) പിടിക്കുന്നവർ ഡൽഹിയിൽ നല്ല ചങ്ങാത്തത്തിലാണെന്ന് (ദോസ്തി) പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാഷ്ട്രീയമല്ല, അവസരവാദത്തിന്റെ പ്രത്യയശാസ്ത്രമാണു കോൺഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തിൽ പിന്തുടരുന്നതെന്നും മോദി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെയും മോദി വിമർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തണമെങ്കിൽ വയനാട്ടില് മത്സരിക്കേണ്ടി വരുന്നു. ദക്ഷിണേന്ത്യക്ക് സന്ദേശം നൽകാനാണു രാഹുൽ വയനാട് മൽസരിക്കുന്നത് എന്നാണു കോൺഗ്രസ് പറയുന്നത്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മൽസരിച്ച് സന്ദേശം നൽകാമായിരുന്നില്ലേ? ഇത് ദക്ഷിണേന്ത്യക്കുള്ള സന്ദേശമല്ല,കോൺഗ്രസിന്റെ പ്രീണന നയത്തിന്റെയും ആദർശത്തിന്റെയും ഭാഗമാണെന്നും മോദി വിമർശിച്ചു.
കേരളത്തിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണനോടു കോൺഗ്രസ് എന്താണ് ചെയ്തതെന്നു നിങ്ങൾക്കറിയാം. നമ്പി നാരായണനോടു കോൺഗ്രസ് ചെയ്തത് ക്രൂരതയാണ്. നമ്പി നാരായണനോടു ചെയ്ത ദ്രോഹത്തിന് ആർക്കെങ്കിലും ക്ഷമിക്കാനാകുമോയെന്നും മോദി ചോദിച്ചു. ഇന്ത്യ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. രാജ്യത്തിന് സുരക്ഷയൊരുക്കാൻ ശാസ്ത്രജ്ഞർക്ക് അധികാരം നൽകി. നിങ്ങളുടെ കാവൽക്കാരൻ എല്ലാവരേയും സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here