താൻ ഹിന്ദുവല്ലെന്ന് ബിജെപി പ്രചരിക്കുന്നുവെന്ന് ശശി തരൂർ

സുനന്ദ പുഷ്കറും താനും ഹിന്ദുവല്ല എന്നു കോടതിയിൽ സത്യവാങ്മൂലം കൊടുത്തെന്നു ബിജെപി പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. വോട്ടർമാരോടു സംവദിക്കുന്നതിനായി നടത്തിയ ഫെയ്സ്ബുക് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുനന്ദ കേസിനോടനുബന്ധിച്ചു കോടതി രേഖകളിലുണ്ടായ പിഴവായിരുന്നു അത്. സുനന്ദ കാനഡ പൗരത്വമുള്ളയാളായിരുന്നു. അതുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇത്തരമൊരു തെറ്റ് കടന്നുകൂടിയത്. തെറ്റ് കണ്ട ഉടൻ തന്നെ താൻ കോടതിയിൽ അതു തിരുത്താനുള്ള അപേക്ഷ കൊടുത്തു. വാദം അംഗീകരിച്ച കോടതി, താനും സുനന്ദയും ഹിന്ദു മതവിശ്വാസികളാണെന്നു 2018 ജൂലൈ 27നു ഉത്തരവ് പുറപ്പെടുവിച്ചു. ഇതാർക്കും പരിശോധിക്കാവുന്നതാണ്. അച്ചടിപ്പിശകിന്റെ പേരിൽ തന്റെ മതം മാറ്റാൻ ബിജെപിയെ അനുവദിക്കില്ല.”- അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ആർക്കെങ്കിലും വോട്ട് നഷ്ടപ്പെടുമെങ്കിൽ അതു ബിജെപിക്കാണെന്നും. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി ഓർഡിനൻസിനോ ഭരണഘടനാ ഭേദഗതിക്കോ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മാത്രമാണു ലോക്സഭയിൽ ശബരിമലയ്ക്കു വേണ്ടി വാദിച്ചത്. കോടതിയുടെ പരിഗണനയിലുള്ള സമാനമായ മറ്റൊരു കേസിൽ ബിജെപി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുക മാത്രമാണു ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതു സുവർണാവസരമാണ് എന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. 30 വർഷം മുൻപു താൻ എഴുതിയ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം എടുത്ത് താൻ നായർ സ്ത്രീകൾക്കെതിരെ സംസാരിച്ചെന്നു ബിജെപി മറ്റൊരു പ്രചാരണം നടത്തുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള കഥാപശ്ചാത്തലത്തിൽ നിന്നു ആ കഥാപാത്രം പറഞ്ഞ വാക്കുകളാണത്. ഇന്നത്തെ കാലത്തെക്കുറിച്ചല്ല അതു പറഞ്ഞിരിക്കുന്നതെന്നു ചരിത്രബോധമുള്ള ആർക്കും മനസ്സിലാകും. വിവിധ ചരിത്രകാരന്മാർ ബിജെപിയുടെ ഈ പ്രചാരണത്തെ തള്ളിപ്പറഞ്ഞതായും തന്റെ അമ്മയും സഹോദരിമാരും നായർ സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More