കുൽദീപ്, രോഹിത്, കാർത്തിക്..; ലോകകപ്പിൽ ഇന്ത്യയുടെ പരാധീനതകൾ
ലോകകപ്പിന് ഇനി അവശേഷിക്കുന്നത് ഏതാനും ആഴ്ചകൾ കൂടി മാത്രമാണ്. ടീം പ്രഖ്യാപനത്തോടനുബന്ധിച്ച വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വിജയ് ശങ്കർ ടീമിൽ ഉൾപ്പെട്ടതും അമ്പാട്ടി രായുഡുവിനെ തഴഞ്ഞതുമൊക്കെ വിവാദ വിഷയമായി. നിലവിൽ ഇന്ത്യ അഭിമുഖീകരിക്കുന്നത് മറ്റൊരു വലിയ പ്രശ്നമാണ്. ടീമിലെ ചില സുപ്രധാന താരങ്ങളുടെ ഫോം ഇന്ത്യക്ക് തലവേദനയാണ്. അതും ഇന്ത്യയുടെ ഫൈനൽ ഇലവനിൽ രണ്ടാമതൊന്നാലോചിക്കാതെ ഉൾപ്പെടുന്ന ചിലർ ഉൾപ്പെടെ കുറച്ചധികം പേർ വളരെ മോശം ഫോമിലാണ്.
അതിൽ ആദ്യത്തെ പേരാണ് ഓപ്പണർ രോഹിത് ശർമ്മ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളാണ് രോഹിത്. 121 ഇന്നിംഗ്സുകളിലാണ് രോഹിത് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. അതിൽ 14 തവണ പുറത്താവതെ നിന്നു. 20 സെഞ്ചുറികളും 29 അർദ്ധസെഞ്ചുറികളും. 56.48 എന്ന അമ്പരപ്പിക്കുന്ന ശരാശരിയും. 90നു മുകളിൽ സ്ട്രൈക്ക് റേറ്റും. ഇങ്ങനെ അസാമാന്യ റെക്കോർഡുള്ള രോഹിത് ഈ ഐപിഎല്ലിൽ ആകെ നേടിയത് 9 മത്സരങ്ങളിൽ നിന്ന് 228 റൺസ് മാത്രമാണ്. ശരാശരി 25.33. സ്ട്രൈക്ക് റേറ്റ് 130. ഇതു വരെ ഒരൊറ്റ അർദ്ധസെഞ്ചുറി പോലും രോഹിതിൻ്റെ പേരിലില്ല. ലോകകപ്പിലേക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം ഇത് തന്നെയാണ്.
അടുത്ത താരം കുൽദീപ് യാദവ്. ഇന്ത്യക്ക് ആറ്റുനോട്ട് കിട്ടിയ ചൈനമാൻ ബൗളറാണ് കുൽദീപ്. കഴിഞ്ഞ സീസൺ വരെ കൊൽക്കത്ത നൈറ്റ് റിഡേഴ്സിൻ്റെ വിക്കറ്റ് ടേക്കിംഗ് ഓപ്ഷനായിരുന്നു. കുൽദീപ്-ചഹാൽ സഖ്യത്തിൻ്റെ വ്യത്യസ്തത ഇന്ത്യയും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിൽ 21.75ഉം അന്താരാഷ്ട്ര ടി-20യിൽ 12.97ഉം ആണ് കുൽദീപിൻ്റെ ശരാശരി. ഐപിഎൽ പരിഗണിച്ചാൽ അവിടെയും 29.33ൻ്റെ മികച്ച ശരാശരി കുൽദീപിനുണ്ട്. എന്നാൽ ഈ സീസണിൽ ഇതുവരെ കുൽദീപിൻ്റെ സമ്പാദ്യം വെറും 4 വിക്കറ്റുകൾ മാത്രമാണ്. ശരാശരി 71.50. തൻ്റെ തുടരുന്ന മോശം ഫോം കൊൽക്കത്തയുടെ ഫൈനൽ ഇലവനിൽ നിന്നും കുൽദീപിനെ പുറത്താക്കി. ഇന്ത്യക്ക് തലവേദന തന്നെ.
കേദാർ ജാദവും അത്ര മികച്ച ഫോമിലല്ല. 8 മത്സരങ്ങളിൽ നിന്നും 136 റൺസാണ് കേദാറിൻ്റെ അക്കൗണ്ടിലുള്ളത്. നേരിട്ട പന്തുകൾക്കനുസരിച്ച റൺസ് പോലും ഈ സീസണിൽ കേദാറിൻ്റെ പേരിലില്ല. 99 ആണ് സ്ട്രൈക്ക് റേറ്റ്. ശരാശരി 22.67. ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളിൽ 100നു മുകളിൽ സ്ട്രൈക്ക് റേറ്റുള്ള താരമാണ് കേദാർ. 43ൻ്റെ മികച്ച ശരാശരിയും കേദാറിനുണ്ട്. ഇന്ത്യയുടെ ഫൈനൽ ഇലവനിൽ ഏകദേശം ഉറപ്പുള്ള താരമെന്ന നിലയിൽ കേദാറിൻ്റെ ഫോമും ഇന്ത്യക്ക് പണിയാണ്.
വിജയ് ശങ്കർ, ദിനേഷ് കാർത്തിക് തുടങ്ങിയ താരങ്ങളുടെ ഫോമും ഇന്ത്യയെ കുഴയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ വിജയ് ശങ്കറിന് അത്ര മത്സരപരിചയമില്ലെങ്കിലും ഐപിഎല്ലിൽ വിജയ് ശങ്കർ തുടരുന്ന മോശം ഫോം സെലക്ടർമാരെയും ത്രിശങ്കുവിലാക്കുന്നുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്ന ലേബലിലാണ് ടീമിൽ ഉൾപ്പെട്ടതെങ്കിലും ടീമിൻ്റെ സ്ഥിരതയ്ക്ക് ഫൈനൽ ഇലവനിൽ ഉൾപ്പെടുത്താവുന്ന കളിക്കാരനാണ് ദിനേഷ് കാർത്തിക്. 9 മത്സരങ്ങൾ, 117 റൺസ്, ശരാശരി 16.71, സ്ട്രൈക്ക് റേറ്റ് 119.39. ഇതാണ് സീസണിലെ കാർത്തികിൻ്റെ റെക്കോർഡ്.
ഫൈനൽ ഇലവൻ ഏറെക്കുറെ തീരുമാനിക്കപ്പെട്ടെങ്കിലും ഈ താരങ്ങളുടെ ഫോം ഇന്ത്യക്ക് ശക്തമായ ഞെട്ടലുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ നീല ജേഴ്സിയിലെത്തുമ്പോൾ ഇവർ ഫോമിലേക്കെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ. വിശ്വാസമല്ലേ എല്ലാം?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here