Advertisement

അടിക്ക് തിരിച്ചടി; ഡൽഹിക്ക് അനായാസ ജയം

April 22, 2019
Google News 0 minutes Read

രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം. നാലു പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റിനായിരുന്നു ദൽഹിയുടെ ജയം. ഋഷഭ് പന്തും പൃഥ്വി ഷായും ഫോമിലേക്ക് തിരികെയെത്തിയതോടെയാണ് ഡൽഹി അനായാസ ജയം കുറിച്ചത്. ഇരുവർക്കുമൊപ്പം അർദ്ധ സെഞ്ചുറി നേടിയ ശിഖർ ധവാനും ഡൽഹി വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

192 എന്ന കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൃഥ്വി ഷായെ കാഴ്ചക്കാരനാക്കി ശിഖർ ധവാൻ ഒരറ്റത്തു നിന്നും കത്തിക്കയറിയപ്പോൾ സ്കോർ ബോർഡ് കുതിച്ചു. പവർ പ്ലേയിലെ ഡൽഹിയുടെ 59 റൺസിൽ 48ഉം ധവാൻ്റെ ബാറ്റിൽ നിന്നായിരുന്നു. 25 പന്തുകളിൽ തൻ്റെ അർദ്ധ സെഞ്ചുറി കുറിച്ച ധവാൻ എട്ടാം ഓവറിൽ പുറത്തായി. 27 പന്തുകളിൽ എട്ട് ബൗണ്ടറികളും 2 സിക്സറുകളും സഹിതം 54 റൺസെടുത്ത ധവാൻ രാജസ്ഥാനെ ശക്തമായ ഒരിടത്തെത്തിച്ചാണ് പുറത്തായത്.

തൊട്ടടുത്ത ഓവറിൽ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വിക്കറ്റെടുത്ത 17കാരൻ റയാൻ പരഗ് തൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് കരസ്ഥമാക്കി. തുടർന്ന് ക്രീസിലൊത്തു ചേർന്ന ഋഷഭ് പന്തും പൃഥ്വി ഷായും റൺ നിരക്ക് താഴാൻ അനുവദിക്കാതെ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഡൽഹി കളിയിൽ പിടിമുറുക്കി. 26 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തിയ പന്ത് കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോം കഴുകിക്കളഞ്ഞു. അവസാന ഓവറിൽ ജയിക്കാൻ ആറു റൺസ് മാത്രം വേണ്ടിയിരുന്ന ഡൽഹി 4 പന്തുകൾ ബാക്കി നിൽക്കെ ജയം കുറിച്ചു. ഉനദ്കട്ടെറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്സറടിച്ച് പന്താണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. 36 പന്തുകളിൽ ആറു ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 78 റൺസെടുത്ത് ഋഷഭ് പന്ത് പുറത്താവാതെ നിന്നു.

നേരത്തെ ഏഴ്  വർഷത്തിനു ശേഷം തൻ്റെ രണ്ടാം ഐപിഎൽ സെഞ്ചുറി കണ്ടെത്തിയ രഹാനെയാണ് രാജസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. രഹാനെയ്ക്കൊപ്പം അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും അവർക്ക് ഊർജ്ജമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here