പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

മധ്യപ്രദേശിലെ ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക നൽകി. മലേഗാവ് സ്‌ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.
BJP candidate Pragya Singh Thakur files nomination from Bhopal Lok Sabha constituency. #LokSabhaElections2019 #MadhyaPradesh pic.twitter.com/LoNxvVejBm
— ANI (@ANI) 22 April 2019
സ്‌ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയിലാണ്. അതേ സമയം പ്രജ്ഞ സിങ് നാമനിർദേശ പത്രിക നൽകിയതിനു പിന്നാലെ പത്രിക സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത് വന്നു.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്. ബാബറി മസ്ജിദ് തകർത്തവരിൽ താനും ഉൾപ്പെടുന്നതായും അതിൽ അഭിമാനിക്കുന്നുണ്ടെന്നുമാണ് ചാനൽ അഭിമുഖത്തിൽ പ്രജ്ഞ സിങ് പറഞ്ഞത്.
പരാമർശം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്ന പ്രജ്ഞയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഈ പരാമർശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രജ്ഞ സിങിന് നോട്ടീസ് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here