കര്‍ക്കറെയുടേത് വീരമൃത്യു: പ്രജ്ഞാ സിങ്ങിനെതിരെ ഐപിഎസ് അസോസിയേഷന്‍; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ അപമാനിച്ച സംഭവത്തെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു. വീരമൃത്യുവരിച്ച എല്ലാ രക്തസാക്ഷികളും ആദരിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഹേമന്ത് കര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്ന സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎസ് അസോസിയേഷന്‍ ഇതിനെതിരെ രംഗത്തുവന്നത്. തീവ്രവാദത്തിന് എതിരെ പോരാടുമ്പോഴാണ് അശോക് ചക്ര നല്‍കി രാജ്യം ആദരിച്ച ഹേമന്ത് കര്‍ക്കറെ ജീവന്‍ ത്യജിച്ചത്. അദ്ദേഹത്തെ അപമാനിച്ച സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ നടപടിയെ അപലപിക്കുന്നതായി പേര് പരാമര്‍ശിക്കാതെ ഐപിഎസ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

Read Also: ‘ജയിലിൽ കിടക്കാൻ ആരോഗ്യമില്ലാത്ത സാധ്വിക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയും; ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി’: ഒമർ അബ്ദുള്ള

‘മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്’ ഇതായിരുന്നു കര്‍ക്കറെയെ കുറിച്ചുളള പ്രജ്ഞാ സിങിന്റെ വിവാദപരാമര്‍ശം.

അതേസമയം പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More