Advertisement

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം രഹാനെയ്ക്ക് സെഞ്ചുറി; രാജസ്ഥാന് കൂറ്റൻ സ്കോർ

April 22, 2019
Google News 0 minutes Read

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ഏഴ് വർഷത്തിനു ശേഷം തൻ്റെ രണ്ടാം ഐപിഎൽ സെഞ്ചുറി കണ്ടെത്തിയ രഹാനെയാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ സവിശേഷത. രഹാനെയ്ക്കൊപ്പം അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും അവർക്ക് ഊർജ്ജമായി.

മത്സരത്തിൻ്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു സാംസൺ റണ്ണൗട്ടായതിനു പിന്നാലെ ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെച്ച് രഹാനെയും സ്മിത്തും ഡൽഹി ബൗളർമാരെ തല്ലിച്ചതച്ചു. കൂടുതൽ ആക്രമണ ത്വര കാണിച്ച രഹാനെ 8ആം ഓവറിൽ വെറും 32 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു. 13ആം ഓവറിൽ, 31 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തിയ സ്മിത്ത് തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും രഹാനെയുമായി 130 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. എട്ട് ബൗണ്ടറികൾ സഹിതമായിരുന്നു സ്മിത്തിൻ്റെ അർദ്ധ സെഞ്ചുറി. മുൻ ക്യാപ്റ്റനും നിലവിലെ ക്യാപ്റ്റനും ചേർന്ന് അസാമാന്യ സ്ട്രോക്ക് പ്ലേ കെട്ടഴിച്ചപ്പോൾ കൃത്യം 12 ഓവറുകളിലാണ് രാജസ്ഥാൻ്റെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നത്.

തുടർന്ന് ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് 8 റൺസിനു പുറത്തായി. ഇതിനിടെ 58 പന്തുകളിൽ തൻ്റെ സെഞ്ചുറി തികച്ച രഹാനെ ഐപിഎൽ കരിയറിലെ രണ്ടാം സെഞ്ചുറിയാണ് കണ്ടെത്തിയത്. രഹാനെയുടെ സെഞ്ചുറിയുടെ പിന്നാലെ ആഷ്ടൺ ടേണർ വീണ്ടും ഗോൾഡൻ ഡക്കായി. ഐപിഎല്ലിൽ ഇതുവരെ മൂന്ന് മാച്ച് കളിച്ച ടേണർ മൂന്നിലും ഗോൾഡൻ ഡക്കാവുകയായിരുന്നു. പിന്നീട് രഹാനെയ്ക്കൊപ്പം ഒത്തു ചേർന്ന സ്റ്റുവർട്ട് ബിന്നി അവസാന ഓവറിൽ പുറത്തായെങ്കിലും 12 പന്തുകളിൽ 19 റൺസെടുത്ത് രാജസ്ഥാൻ ഇന്നിംഗ്സിന് ഊർജ്ജമായി. സ്ലോഗ് ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ഡൽഹി പേസർമാർ 200 കടക്കുന്നതിൽ നിന്നും രാജസ്ഥാനെ തടഞ്ഞു.

ഇന്നിംഗ്സിലെ അവസാന പന്തിൽ റബാഡ റയാൻ പരഗിൻ്റെ കുറ്റി പിഴുതതോടെ രാജസ്ഥാൻ ഇന്നിംഗ്സ് 191ൽ അവസാനിച്ചു. 63 പന്തുകളിൽ നിന്നും 11 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 105 റൺസെടുത്ത രഹാനെ പുറത്താവാതെ നിന്നു. ഡൽഹിക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്ത റബാഡെയാണ് തിളങ്ങിയത്. ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശർമ്മ, അക്സർ പട്ടേൽ, ക്രിസ് മോറിസ് എന്നിവരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here