എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എൽഡിഎഫിന്റേത് മര്യാദ കേടെന്ന് ശശി തരൂർ

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ കെ ആൻറണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തിൽ എൽഡിഎഫിനെതിരെ വിമർശനവുമായി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. എൽഡിഎഫിന്റേത് മര്യാദ കേടാണെന്ന് തരൂർ ആരോപിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ജാഗ്രത പാലിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
കൊട്ടിക്കലാശം നടക്കുന്നതിനിടെയാണ് എകെ ആൻറണിയും ശശി തരൂരും സഞ്ചരിച്ച പ്രചാരണ വാഹനം വേളിയിൽ തടഞ്ഞത്. വാഹനത്തിന് മുന്നോട്ട് പോകാൻ സാധിക്കാതിരുന്നതോടെ ഇരുവരും ഇറങ്ങി നടക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ നിഷ്‌ക്രിയം എന്ന ആരോപണം തള്ളി പൊലീസ് രംഗത്തെത്തി. അനുവദിച്ച സമയത്തേക്കാളും റോഡ് ഷോ വൈകിയതിനാലാണ് ഗതാഗത തടസ്സമുണ്ടായതെന്നാണ് പൊലീസിന്റെ ഭാഗം. ഗതാഗതം പുനസ്ഥാപിക്കാൻ പൊലീസ് അടിയന്തിരമായി ഇടപെട്ടിരുന്നു. അനുമതിയില്ലാതെ ഇന്ന് നടത്തിയ റോഡ് ഷോകൾക്കും കൊട്ടികലാശാ പരിപാടികൾക്കും എതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമീഷണർ നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here