ബസ് തകരാറിലായി മണിക്കൂറുകളോളം വഴിയിൽ; ചോദ്യം ചെയ്ത യുവാക്കളെ കല്ലട ഉടമയുടെ ഗുണ്ടകൾ തല്ലിച്ചതച്ചതായി പരാതി; മർദ്ദനത്തിന്റെ വീഡിയോ പുറത്ത്

ബസ് തകരാറിലായി മണിക്കൂറുകളോളം യാത്ര വൈകിയത് ചോദ്യം ചെയ്ത യുവാക്കളെ ബസുടമകളുടെ ഗുണ്ടകൾ മർദ്ദിച്ചതായി പരാതി. കല്ലട ട്രാവത്സിന്റെ (സുരേഷ് കല്ലട) ബസിൽ യുവാക്കൾക്ക് മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. ഹരിപ്പാട് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഇത് വൈറലായി.
ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ബസ് ബ്രേക്ക് ഡൗൺ ആകുകയും മണിക്കൂറുകളോളം യാത്രക്കാർക്ക് പകരം യാത്രാ സംവിധാനം ഒരുക്കാതെ റോഡരുകിൽ നിർത്തിയിടുകയുമാണ് ചെയ്തതെന്ന് ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും പുറത്തിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്ക് നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയ്യാറായില്ല. ബസിന്റെ തകരാർ പരിഹരിക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി.
താൻ രണ്ടു തവണ റെഡ് ബസിൽ വിളിച്ച് പരാതി പറഞ്ഞിട്ടും പരാതി റെക്കോഡ് ചെയ്തതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ലെന്നും ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. യാത്രക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണിൽ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ചെറുപ്പക്കാർ വിളിച്ചു. എന്നാൽ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി യാത്ര തുടരുന്നത്.
പുതിയതായി എത്തിയ ബസിൽ യാത്ര തുടരുന്നതിനിടെ വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ദേഷ്യപ്പെട്ട ചെറുപ്പക്കാരെ സിനിമ സ്‌റ്റൈലിൽ മർദ്ദിക്കുന്നതായിരുന്നു. തുടർന്ന് ഈ ചെറുപ്പക്കാരെയും വണ്ടിയുടെ മുൻ സീറ്റുകളിലുരുന്ന കുറച്ച് ആളുകളെയും ഇവർ ബസിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയെന്നും പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ബസിനെ പിൻതുടർന്നെത്തിയ ആദ്യ ബസിന്റെ ഡ്രൈവറും കൂട്ടരുമാണ് ബസിൽ കയറി ഈ അതിക്രമം കാട്ടിയതെന്നും ജേക്കബ് പോസ്റ്റിൽ വ്യക്തമാക്കി.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ്‌ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദ്ദിച്ചത്. അജയ്‌ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്തിട്ടുണ്ട്. അഷ്‌കറും സച്ചിനും വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് മർദ്ദനമേറ്റത്. തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു അജയ്‌ഘോഷ്. മർദ്ദനത്തിന് പിന്നാലെ ഇദ്ദേഹം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here