ടി-20യിൽ തുടർച്ചയായി ഏറ്റവുമധികം ഡക്കുകൾ; ആഷ്ടൺ ടേണറിന് റെക്കോർഡ്

ടി-20യിൽ തുടർച്ചയായി ഏറ്റവുമധികം തവണ ഡക്കായതിൻ്റെ റെക്കോർഡ് രാജസ്ഥാൻ റോയൽസ് താരം ആഷ്ടൺ ടേണർക്ക്. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് ടേണർക്ക് ഈ നാണം കെട്ട റെക്കോർഡ് സ്വന്തമായത്. ഇന്നലെ ഐപിഎൽ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാം ഡക്ക് കുറിച്ച ടേണർ ആകെ അഞ്ചു വട്ടമാണ് ഇങ്ങനെ പുറത്തായത്.
ഐപിഎൽ മത്സരത്തിൽ കളിക്കുന്നതിനു മുൻപ് നടന്ന ബിഗ് ബാഷ് മത്സരത്തിലും പൂജ്യത്തിനു പുറത്തായ ടേണർ ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിലും പൂജ്യത്തിനു പുറത്തായിരുന്നു. ഇതോടെയാണ് ഡക്കുകളുടെ എണ്ണം അഞ്ചിലെത്തിയത്.
ഐപിഎല്ലിൽ തുടർച്ചയായ മൂന്ന് വട്ടം റണ്ണൊന്നുമെടുക്കാതെ പുറത്തായ ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീറിനൊപ്പം നിലവിൽ ഈ റെക്കോർഡ് പങ്കിടുകയാണ്. ഇതിനോടൊപ്പം മുൻപത്തെ രണ്ട് ഡക്കുകൾ കൂടിച്ചേർന്നപ്പോഴാണ് ലോക റെക്കോർഡിലെത്തിയത്.
അഞ്ചു ഡക്കുകളിൽ നാലും ഗോൾഡൻ ഡക്കുകളാണെന്നതാണ് മറ്റൊരു തമാശ. ഓസ്ട്രേലിയൻ ജേഴ്സിയിലൊഴികെ ക്ലബ് ജേഴ്സിയിൽ നടന്ന എല്ലാ മത്സരങ്ങളിലും ടേണർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർന്ന് വരുന്ന മത്സരങ്ങളിലെങ്കിലും ഈ ദൗർഭാഗ്യം മറികടക്കാനാവുമോ എന്നാവും ടേണർ ചിന്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here