വാർണറും പാണ്ഡെയും നയിച്ചു; സൺ റൈസേഴ്സിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് മികച്ച സ്കോർ. 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് സൺ റൈസേഴ്സ് നേടിയത്. സൺ റൈസേഴ്സിനു വേണ്ടി അർദ്ധസെഞ്ചുറികൾ നേടിയ മനീഷ് പാണ്ഡേയും ഡേവിഡ് വാർണറുമാണ് തിളങ്ങിയത്. വാർണർ 57ഉം മനീഷ് പാണ്ഡെ 83ഉം റൺസെടുത്തു.
സീസണിലെ തൻ്റെ അവസാന മത്സരത്തിനിറങ്ങിയ ജോണി ബാരിസ്റ്റോയ്ക്ക് രണ്ട് പന്തുകൾ മാത്രമായിരുന്നു ആയുസ്സ്. രണ്ട് പന്തുകൾ നേരിട്ട ബാരിസ്റ്റോയെ റണ്ണൊന്നുമെടുക്കാതെ ഹർഭജൻ പുറത്താക്കി. മത്സരത്തിൻ്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ബാരിസ്റ്റോയെ നഷ്ടമായ സൺ റൈസേഴ്സിനെ ആ നഷ്ടമറിയിക്കാതെ മുന്നോട്ടു നയിച്ചത് മനീഷ് പാണ്ഡെ ആയിരുന്നു. സീസണിലാദ്യമായി മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ പാണ്ഡേ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു.
25 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ പാണ്ഡെ വാർണറുമായി ചേർന്ന് ചെന്നൈ ബൗളിംഗ് അറ്റാക്കിനെ തല്ലിച്ചതച്ചു. ചെന്നൈ വിജയങ്ങളിൽ നിർണ്ണായക പങ്കു വഹിച്ച സ്പിൻ ത്രയമായിരുന്നു ഏറെ തല്ലു കൊണ്ടത്. ഇതിനിടെ വാർണറും 39 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തി. പാണ്ഡേയുമായി 115 റൺസിൻ്റെ ഉജ്ജ്വല കൂട്ടുകെട്ടുണ്ടാക്കിയ വാർണർ 14ആം ഓവറിൽ പുറത്തായി. 45 പന്തുകളിൽ 3 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 57 റൺസെടുത്ത വാർണർ പതിവിനു വിപരീതമായി സാവധാനത്തിലാണ് സ്കോർ ചെയ്തത്.
തുടർന്ന് പാണ്ഡേയ്ക്ക് പങ്കാളിയായി ക്രീസിലെത്തിയ വിജയ് ശങ്കർ ചില മികച്ച ഷോട്ടുകളിലൂടെ റൺ നിരക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ബ്രാവോയുടെയും ചഹാറിൻ്റെയും മികച്ച ബൗളിംഗ് കൂറ്റൻ സ്കോറിൽ നിന്നും സൺ റൈസേഴ്സിനെ തടഞ്ഞു. 19ആം ഓവറിലെ അവസാന പന്തിൽ പുറത്താകുമ്പോൾ 20 പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 26 റൺസായിരുന്നു ശങ്കർ സ്കോർ ചെയ്തത്. പാണ്ഡേയുമായി 47 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കാനും ശങ്കറിന് സാധിച്ചു. 49 പന്തുകളിൽ 7 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 83 റൺസെടുത്ത മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here