ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ചെന്നൈ; ജയം തുടരാൻ ഹൈദരാബാദ്: ടോസ് നില

ഐപിഎല്ലിലെ 41ആം മാച്ചിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ ശർദുൽ താക്കൂറിനു പകരം ഹർഭജൻ സിംഗ് ടീമിലേക്ക് തിരിച്ചെത്തി. സൺ റൈസേഴ്സ് നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. നാട്ടിലേക്ക് മടങ്ങിയ കെയിൻ വില്ല്യംസണു പകരം ഷാക്കിബുൽ ഹസനും ഷഹബാസ് നദീമിനു പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.
കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നേരിട്ട ഒരു റൺ തോൽവിയുടെ ആഘാതത്തിലാണ് ചെന്നൈ. നായകൻ എംഎസ് ധോണിയൊഴികെ മറ്റാർക്കും ബാറ്റിംഗിൽ സ്ഥിരതയില്ലാത്തത് അവരെ കുഴയ്ക്കുന്നുണ്ട്. ആ തോൽവിക്ക് ശേഷം ഡൽഹി ക്യാപിറ്റൽസ് ഇന്നലെ ജയിച്ചതോടെ സീസണിൽ ആദ്യമായി ചെന്നൈക്ക് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ആ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാവും ചെന്നൈ ഇന്നിറങ്ങുക.
അതേ സമയം, ഇടക്ക് നേരിട്ട തുടർച്ചയായ തോൽവികളിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് സൺ റൈസേഴ്സ്. എങ്കിലും ക്യാപ്റ്റൻ കെയിൻ വില്ല്യംസണിൻ്റെ അഭാവം അവരെ പിന്നോട്ടടിക്കാൻ സാധ്യതയുണ്ട്. ഓപ്പണർമാർക്കൊഴികെ മറ്റാർക്കും ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്തതും അവരെ കുഴയ്ക്കുന്ന പ്രശ്നമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here