Advertisement

അടിച്ചൊതുക്കി വാട്സൺ; ജയത്തോടെ വീണ്ടും ചെന്നൈ ഒന്നാമത്

April 23, 2019
Google News 1 minute Read

സൺ റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഉജ്ജ്വല ജയം. 1 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. അർദ്ധ സെഞ്ചുറി നേടിയ ഷെയിൻ വാട്സണിൻ്റെ മാസ്മരിക ഇന്നിംഗാണ് ചെന്നൈക്ക് സീസണിലെ എട്ടാം ജയം സമ്മാനിച്ചത്. ജയത്തോടെ പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്താനും ചെന്നൈക്ക് സാധിച്ചു. 96 റൺസെടുത്ത വാട്സണൊപ്പം 38 റൺസെടുത്ത റെയ്നയുടെ ഇന്നിംഗ്സും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായി.

ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ തന്നെ ഫാഫ് ഡുപ്ലെസിസിനെ നഷ്ടമായ ചെന്നൈക്ക് വേണ്ടി മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന റെയ്ന-വാട്സൺ സഖ്യം അനായാസേനയാണ് സ്കോർ ചെയ്തത്. തുടക്കത്തിൽ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച വാട്സണെ ഒരറ്റത്തു നിർത്തി റെയ്ന സീസണിലാദ്യമായി തൻ്റെ വിശ്വരൂപം പുറത്തെടുത്തതോടേ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി.  സന്ദീപ് ശർമ്മയുടെ ഒരോവറിൽ 22 റൺസടിച്ച റെയ്ന 38 റൺസെടുത്ത് പുറത്തായി. 24 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറും സഹിതമായിരുന്നു റെയ്നയുടെ ഇന്നിംഗ്സ്. വാട്സണുമായി 77 റൺസ് കൂട്ടുകെട്ടും റെയ്ന പടുത്തുയർത്തിയിരുന്നു.

തുടർന്ന് ക്രീസിലെത്തിയ റായുഡുവിനെ ഒരിടത്തു നിർത്തി വാട്സൺ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. സൺ റൈസേഴ്സിൻ്റെ ഏറ്റവും മികച്ച ബൗളർ റാഷിദ് ഖാനെയടക്കം ആക്രമിച്ച വാട്സൺ അർഹതപ്പെട്ട സെഞ്ചുറിക്ക് 4 റൺസകലെ വെച്ച് വീണു. 18ആം ഓവറിൽ പുറത്താകുമ്പോൾ 53 പന്തുകളിൽ ഒൻപത് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 96 റൺസെടുത്ത വാട്സൺ റായുഡുവുമായി 80 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

അവസാന ഓവറിൽ ജയിക്കാൻ വേണ്ട 9 റൺസ് 5 പന്തുകളിൽ കണ്ടെത്തിയ ചെന്നൈ വിജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. സന്ദീപ് ശർമ്മ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് സിക്സറടിച്ച കേദാർ ജാദവാണ് ചെന്നൈയെ വിജയിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here