പ്രജ്ഞ സിങിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന ഹർജി തള്ളി

ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂറിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടുളള ഹർജി പ്രത്യേക എൻഐഎ കോടതി തള്ളി. മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞ സിങിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. മലേഗാവ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ പിതാവാണ് പ്രജ്ഞയെ മത്സരത്തിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി മത്സരിക്കുന്നത് വിലക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വിലയിരുത്തി.മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ സിങ് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് നേരത്തെ ജയിൽമോചിതയായത്. കഴിഞ്ഞയാഴ്ചയാണ് പ്രജ്ഞ ബിജെപിയിൽ ചേർന്നത്. തൊട്ടു പിന്നാലെ മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപി ഇവരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങാണ് ഭോപ്പാലിൽ പ്രജ്ഞയുടെ എതിരാളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here