ഡൽഹിയിൽ സഖ്യം ഇല്ലാതാക്കിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ പിടിവാശിയെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യം ഇല്ലാതാക്കിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ പിടിവാശിയാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. രണ്ടു പാർട്ടികളും തമ്മിൽ എല്ലാ ചർച്ചകളും പൂർത്തിയാക്കിയിരുന്നു. സഖ്യം പ്രഖ്യാപിക്കുന്നതിനായി സംയുക്ത വാർത്താ സമ്മേളനം വരെ തീരുമാനിച്ച ശേഷം പക്ഷേ കോൺഗ്രസ് വാക്കുമാറ്റിയതായും കെജ്‌രിവാൾ ആരോപിച്ചു.
Read Also; ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി
ബിജെപിയെ തോൽപ്പിക്കാൻ സഖ്യമുണ്ടാക്കുന്നതിന് ആം ആദ്മി പാർട്ടി എപ്പോഴും തയ്യാറായിരുന്നു. ഏഴ് സീറ്റും വിട്ടുകൊടുക്കാൻ ആം ആദ്മി പാർട്ടി തയ്യാറായിരുന്നെന്നും എന്നാൽ ഒടുവിൽ സഖ്യത്തിന് കോൺഗ്രസ് താൽപ്പര്യം കാണിച്ചില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ഏഴ് സീറ്റിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കോൺഗ്രസിന് സാധിക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ പാർട്ടികളെ ആം ആദ്മി പാർട്ടി കേന്ദ്രത്തിൽ പിന്തുണയ്ക്കും.
Read Also; ഡൽഹിയിലെ സഖ്യ ചർച്ചയിൽ ആംആദ്മി ആത്മാർത്ഥത കാണിച്ചില്ലെന്ന് കെ.സി വേണുഗോപാൽ
പൂർണ്ണ സംസ്ഥാനമെന്ന ആവശ്യം അംഗീകരിക്കുന്ന പാർട്ടിയ്‌ക്കാണ് പിന്തുണ നൽകുകയെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയും കെജ്‌രിവാൾ ഡൽഹിയിൽ പുറത്തിറക്കി. ഭാരതത്തിന്റെ സംസ്‌കാരത്തിന് എതിരെയാണ് നിലവിൽ ആക്രമണം നടക്കുന്നതെന്നും രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ഉള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ആം ആദ്മി പാർട്ടി മുന്നോട്ടു വെയ്ക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here