തീ തുപ്പി പേസർമാർ; പൊരുതി ദിനേഷ് കാർത്തിക്: രാജസ്ഥാന് 176 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത നൈറ്റ് റൈഡേഴിനെതിരെ രാജസ്ഥാൻ റോയൽസിന് 176 റൺസ് വിജയലക്ഷ്യം. 97 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തികിൻ്റെ ഊജ്ജ്വല ഇന്നിംഗ്സിൻ്റെ ബലത്തിലാണ് കൊൽക്കത്ത മികച്ച സ്കോറിലെത്തിയത്. കാർത്തിക് ഒഴികെ മറ്റാർക്കും കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങാനായില്ല. 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുൺ ആരോണാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
പേസർമാരെ തുണയ്ക്കുന്ന ഈഡൻ ഗാർഡനിൽ ഒരു എക്സ്ട്രാ പേസറുമായി കളിക്കാനിറങ്ങിയ രാജസ്ഥാൻ മാനേജ്മെൻ്റിൻ്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു പേസർമാരുടെ പ്രകടനം. മത്സരത്തിൻ്റെ ആദ്യ ഓവറിൽ തന്നെ ക്രിസ് ലിന്നിനെ പുറത്താക്കിയ വരുൺ ആരോൺ തൻ്റെ മൂന്നാം ഓവറിൽ ഓപ്പനറായി ഇരങ്ങിയ ശുഭ്മൻ ഗില്ലിനെയും പുറത്താക്കി. നിതീഷ് റാണയും സുനിൽ നരേനും സ്കോർ ബോർഡിലേക്ക് ഒരുപാട് സംഭാവന നൽകാതെ മടങ്ങിയപ്പോഴും ക്രീസിൽ ഉറച്ചു നിന്ന ദിനേഷ് കാർത്തികാണ് കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്.
രണ്ടു വട്ടം ഫീൽഡർമാർ കൈവിട്ടിട്ടും അത് മുതലെടുക്കാനാവാതെ 11 റൺസിൽ പോരാട്ടം അവസാനിപ്പിച്ച റസലും 5 റൺസെടുത്ത് പുറത്തായ ബ്രാത്‌വെയ്റ്റും ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടപ്പോഴും മികച്ച ഷോട്ടുകളുമായി ഇന്നിംഗ്സ് കെട്ടിപ്പടുത്ത ദിനേഷ് കാർത്തിക് അവസാന ഓവറുകളിൽ രാജസ്ഥാൻ്റെ ഏറ്റവും മികച്ച ബൗളർ ജോഫ്ര ആർച്ചറിനെയടക്കം കടന്നാക്രമിച്ചു. 50 പന്തുകളിൽ ഏഴ് ബൗണ്ടറികളും 9 സിക്സറുകളും സഹിതം 97 റൺസെടുത്ത് പുറത്താവാതെ നിന്ന കാർത്തിക് ടി-20യിലെ തൻ്റെ ഉയർന്ന സ്കോർ കുറിച്ചു. അർഹതപ്പെട്ട സെഞ്ചുറി നഷ്ടമായെങ്കിലും കാർത്തികിൻ്റെ ഇന്നിംഗ്സ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു.
രാജസ്ഥാൻ നിരയിൽ രണ്ടു വിക്കറ്റെടുത്ത ആരോണോടൊപ്പം ഓരൊ വിക്കറ്റ് വീതം വീഴ്ത്തിയ ഒഷേൻ തോമസ്, ശ്രേയാസ് ഗൊപാൽ, ജയ്ദേവ് ഉനദ്കട്ട് എന്നിവരും വിക്കറ്റ് കോലത്തിൽ ഇടം പിടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here