ഗാംഗുലിയോ പോണ്ടിങ്ങോ?; രസികൻ മറുപടിയുമായി പൃഥ്വി ഷാ: വീഡിയോ

കഴിഞ്ഞ സീസണുകളിലെ മോശം ഫോം മറി കടന്ന് ഡൽഹി ക്യാപിറ്റൽസ് ഉജ്ജ്വല പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്. 11 മത്സരങ്ങളിൽ ഏഴ് ജയം കുറിച്ചു കഴിഞ്ഞ അവർ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഒത്തൊരുമയോടെ കളിക്കളത്തിൽ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന ടീമിനോടൊപ്പം ശ്രേയാസ് അയ്യരുടെ മികച്ച നായകത്വവും അവരുടെ ഈ പ്രകടനങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്. അതിനോടൊപ്പം ലോക ക്രിക്കറ്റിലെ മികച്ച രണ്ട് കളിക്കാരായ റിക്കി പോണ്ടിങ്ങിൻ്റെയും സൗരവ് ഗാംഗുലിയുടെയും പരിശീലന മികവും ഡൽദി ക്യാപിറ്റൽസിൻ്റെ പ്രകടനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ഡൽഹി ഓപ്പണർ പൃഥ്വി ഷായോട് അമ്പയർമാർ ചോദിച്ച ഒരു ചോദ്യവും അതിന് ഷാ നൽകിയ ഉത്തരവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.
രാജസ്ഥാൻ റോയൽസുമായി നടന്ന കഴിഞ്ഞ മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ റോയൽസ് ബാറ്റിംഗിനിടെ മൈക്കുമായി ഫീൽഡ് ചെയ്യുകയായിരുന്ന പൃഥ്വി ഷായോടായിരുന്നു കമൻ്റേറ്റർമാരുടെ ചോദ്യം. രണ്ട് പേരിൽ ആരിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതെന്ന ചോദ്യമാണ് കമൻ്റേറ്റർമാർ ചോദിച്ചത്. ഒരു കുഴക്കുന്ന ചോദ്യം ചോദിക്കാമെന്ന മുഖവുരയോടെയായിരുന്നു ചോദ്യം. അല്പ സമയം കമൻ്റേറ്റർമാരെ കേൾക്കുന്നില്ലെന്ന് തമാശയായി അഭിനയിച്ച ഷാ അവർക്കിടയിൽ ചിരി പടർത്തി. തുടർന്ന് അല്പ സമയം ആലോചിച്ച ഷാ രണ്ടു പേരിൽ നിന്നും പഠിക്കുന്നുണ്ട് എന്ന ഉത്തരം നൽകി. എൻ്റെ അമ്മയെയും അച്ഛനെയും ഇഷ്ടമാണെന്ന് ഒരു കുട്ടി പറയും പോലെയെന്ന് കമൻ്റേറ്റർമാർ ഷായ്ക്ക് മറുപടിയും നൽകി.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചിരുന്നു. ഋഷഭ് പന്തും പൃഥ്വി ഷായും ഫോമിലേക്ക് തിരികെയെത്തിയതോടെയാണ് ഡൽഹി അനായാസ ജയം കുറിച്ചത്. ഇരുവർക്കുമൊപ്പം അർദ്ധ സെഞ്ചുറി നേടിയ ശിഖർ ധവാനും ഡൽഹി വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. പന്ത് 78 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ധവാൻ 54ഉം പൃഥ്വി ഷാ 42ഉം റൺസെടുത്ത് പുറത്തായി.
വീഡിയോ കാണാം:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here