ഡിൻഡ അക്കാഡമി ട്രോളുകൾ അതിരു വിടുന്നു; ആഞ്ഞടിച്ച് അശോക് ഡിൻഡ

ഈ ഐപിഎൽ സീസണിൽ കളിക്കാനില്ലെങ്കിലും ഇപ്പോഴും ക്രൂരമായി ട്രോൾ ചെയ്യപ്പെടുന്ന കളിക്കാരനാണ് ഇന്ത്യൻ പേസർ അശോക് ഡിൻഡ. ഏത് ബൗളർ മോശമായി പ്രകടനം നടത്തുമ്പോഴും അതിൻ്റെ പേരിൽ ആക്രമിക്കപ്പെടുന്നത് ഡിൻഡയാണ്. ഡിൻഡ അക്കാഡമി ഓഫ് പേസ് ബൗളിംഗ് എന്ന പേരിൽ ഒരു ട്രോൾ പേജ് പോലും ട്രോളന്മാർ തുടങ്ങി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോലും ഡിൻഡ ട്രോൾ ട്വീറ്റ് ചെയ്തിരുന്നു. ട്രോളുകൾ അതിരു വിട്ടതോടെ ഈ ട്രോളുകൾക്കെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ് ഡിൻഡ.
തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിടെയാണ് ഡിൻഡ ട്രോളുകൾക്കെതിരെ പ്രതികരിച്ച് രംഗത്ത് വന്നത്. തൻ്റെ കരിയർ കണക്കുകൾ അടക്കമായിരുന്നു ഡിൻഡയുടെ പോസ്റ്റ്. “എന്നെ വെറുക്കുന്നവരേ, നിങ്ങളുടെ കണക്കുകൾ ശരിയാക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. നിന്ന് സൂക്ഷിച്ച് നോക്കുക. നിങ്ങളുടെ അഭിപ്രായമല്ല ശരി. വെറുപ്പ് പടർത്തുന്നത് നിർത്തി എന്നെ ഒഴിവാകൂ”- ഫേസ്ബുക്കിലൂടെ ഡിൻഡ പ്രതികരിച്ചു.
അതേ സമയം ക്രിക്കിപീഡിയയിലൂടെ കാര്യത്തെ കുറച്ചു കൂടി വിശദീകരിച്ച് ഡിൻഡ രംഗത്തെത്തി. “ഞാൻ ലോകത്തെ ഏറ്റവും മികച്ച ബൗളറല്ലെന്ന് എനിക്കറിയാം. പക്ഷേ, ഒരു ക്രിക്കറ്ററാവാൻ ഞാൻ കടന്നു പോയതിനെപ്പറ്റി ഈ ലോകത്തിനൊന്നുമറിയില്ല. ഞാൻ ക്രിക്കറ്റ് കളിക്കുന്നതിനെ എൻ്റെ കുടുംബം ഒരുക്കലും പിന്തുണച്ചിരുന്നില്ല. 9 വർഷത്തെ കഠിനാധ്വാനത്തിനു ശേഷമാണ് എനിക്ക് ബംഗാളിനു വേണ്ടി രഞ്ജി ട്രോഫി കളിക്കാനായത്. ഭക്ഷണം പോലും കഴിക്കാതെ ഞാൻ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്. എന്നെ പിന്തുണച്ചില്ലെങ്കിൽ വേണ്ട, പക്ഷേ, എന്നെ ചവിട്ടിത്താഴ്ത്തരുത്. കാരണം, ക്രിക്കറ്റ് കളിക്കാൻ രാപകലില്ലാതെ ഞാനെത്ര കഷ്ടപ്പെട്ടു എന്നെനിക്കറിയാം”- ഡിൻഡ പറയുന്നു.
സത്യത്തിൽ, അത്ര മോശം ബൗളറല്ല ഡിൻഡ. ഐപിഎല്ലിൽ 30.04 ശരാശരിയിൽ 69 വിക്കറ്റെടുത്ത ഡിൻഡയുടെ എക്കണോമി റേറ്റ് 8.2 ആണ്. ടി-20യിലാണെങ്കിൽ 14.41 ശരാശരിയും 8.17 എക്കണോമിയും 17 വിക്കറ്റുകളും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here