മുസ്ലീം വിരുദ്ധ പരാമർശം; കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ കേസ്

കേന്ദ്ര മന്ത്രി ഗിരിരാജ് സിങിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്. മുസ്ലീം വിരുദ്ധ പരാമർശം നടത്തിയതിനാണ് ബെഗുസാരെ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ഗിരിരാജ് സിങിനെതിരെ ജില്ലാ ഭരണകൂടം കേസെടുത്തത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗിരിരാജ് സിങിന്റെ വിവാദ പരാമർശം. വന്ദേ മാതരം എന്ന് പറയാത്തവർക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവർക്കും രാജ്യം ഒരിക്കലും മാപ്പ് നൽകില്ല. തന്റെ പൂർവികരുടെ സംസ്‌ക്കാരം ഗംഗാ തീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവർക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാൽ അതേസമയം നിങ്ങൾക്ക് മണ്ണ് വേണമെന്ന് ഓർത്തോളൂ എന്നായിരുന്നു ഗിരിരാജ് സിങിന്റെ പ്രസ്താവന.
തനിക്ക് ‘വന്ദേ മാതരം’ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന ദർബാംഗയിലെ ആർജെഡി സ്ഥാനാർത്ഥി അബ്ദുൾ ബാരി സിദ്ദീഖിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പരാമർശം. ഗിരിരാജ് സിങും സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറും തൻവീർ ഹസനും തമ്മിലുള്ള ത്രികോണ പോരാട്ടമാണ് ബെഗുസാരെയിൽ നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here