ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു. കാറ്റ് തമിഴ്‌നാട്-ആന്ധ്ര തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതായും ഏപ്രിൽ 29, 30 തീയതികളിൽ വൻ ശക്തിയുള്ള ചുഴലിക്കാറ്റായി ഇത് മാറുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതായും മുന്നറിയിപ്പുണ്ട്.
Read Also; അതിതീവ്ര ന്യൂനമർദ്ദം രൂപം കൊള്ളുന്നു; ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേരളത്തിലെ 8 ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here