ഉദ്യോഗസ്ഥർക്ക് ചായയിൽ ഉറക്കഗുളിക നൽകി ജയിൽ ചാടാൻ ശ്രമിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർക്ക് ചായയിൽ ഉറക്കഗുളിക നൽകി പ്രതികൾ തടവുചാടാൻ ശ്രമിച്ച കേസിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുക്കള ജോലിയിലുണ്ടായിരുന്ന മൂന്ന് തടവുകാരാണ് രാത്രി ജയിൽ ചാടാൻ ശ്രമിച്ചത്.
വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് തലപ്പാടി സ്വദേശി അഷറഫ് ഷംസീർ, ചീമേനി സ്വദേശി അരുൺകുമാർ എന്നിവരാണ് തടവുചാടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചായയിൽ ഉറക്കഗുളിക പൊടിച്ച് ചേർത്താണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മയക്കിയത്. ഉറക്കഗുളിക കലർത്തിയ ചായ ഉദ്യോഗസ്ഥർക്ക് നൽകി താക്കോൽ കൈക്കലാക്കി രക്ഷപ്പെടാനായി മൂന്നുപേരും പ്രധാന ഗേറ്റിനു സമീപമെത്തി. ഇവിടുത്തെ മുറിയിൽ വിശ്രമിക്കുകയായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ഇവരെ കണ്ട് ചോദ്യം ചെയ്തു. ഇതിനിടയിൽ ചായ കുടിച്ച രണ്ടുപേർക്ക് തലചുറ്റലുണ്ടായി. ജയിൽ ഡോക്ടറെത്തി പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തി.
സംശയം തോന്നിയ ജയിൽ സൂപ്രണ്ട് അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികൾ ചായയിൽ ഗുളിക ചേർത്തതായി കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
മനോദൗർബല്യമുള്ള തടവുകാർക്ക് നൽകുന്ന ഗുളികയാണ് പ്രതികൾ കൈക്കിലാക്കിയത്. ജയിൽ സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകിയതോടെ പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here