കള്ളവോട്ട് തെളിഞ്ഞാൽ കർശന നടപടിയെന്ന് ടിക്കാറാം മീണ

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം ആരും റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നില്ലെന്നും വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ റിട്ടേണിങ് ഓഫീസറോട് റിപ്പോർട്ട് തേടിയതായും ടിക്കാറാം മീണ പറഞ്ഞു.

പോളിങ് ബൂത്തുകളിലെ ക്രമക്കേടുകൾ കണ്ടെത്താനാണ് ഇത്തവണ ബൂത്തുകളിൽ  ക്യാമറ നീരീക്ഷണ സംവിധാനം സജ്ജമാക്കിയത്. കള്ളവോട്ട് ചെയ്യുന്ന ചരിത്രമുള്ളതിനാൽ കണ്ണൂർ ജില്ലയിൽ ആയിരത്തിലധികം ബൂത്തുകളിൽ ക്യാമറ നീരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമുളള റിപ്പോർട്ട് കണക്കിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് സംഭവിച്ചിട്ടുണ്ടെങ്കിൽ ഗൗരവമായി കാണും. വിഷയത്തിൽ രണ്ട് കളക്ടർമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സത്യമാണെന്ന് തെളിഞ്ഞാൽ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. കള്ളവോട്ടിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാർ ഇക്കാര്യം റിട്ടേണിംഗ്  ഓഫീസർമാരെ അറിയിക്കാതിരുന്നത് ദുരൂഹമാണ്.പരാതികൾ ഉണ്ടെങ്കിൽ മറ്റ് മണ്ഡലങ്ങളിലെയും ബൂത്തുകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.


Read Also; കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു.കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. 774-ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

Read Also; കണ്ണൂരിൽ സിപിഎം വ്യാപക കള്ളവോട്ടും അക്രമവും നടത്തി : കെ സുധാകരൻ

ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തുന്ന ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തന്നെ തലയിൽ തേച്ച് മായ്ക്കാൻ ശ്രമിക്കുന്നതും പിന്നീട് വീണ്ടുമെത്തി വോട്ട് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റു ബൂത്തുകളിലെ വോട്ടർമാരിൽ ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഈ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തതായും കോൺഗ്രസ് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ പുറത്ത് വിടുമെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top