Advertisement

പൊരുതിത്തോറ്റ് ബാംഗ്ലൂർ; പ്ലേ ഓഫിൽ നിന്ന് പുറത്ത്

April 28, 2019
Google News 0 minutes Read

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. 15 റൺസിനായിരുന്നു ഡൽഹിയുടെ ജയം. ജയത്തോടെ 16 പോയിൻ്റുമായി ടേബിളിൽ ഒന്നാമതെത്തിയ ഡൽഹി പ്ലേ ഓഫ് ഉറപ്പിച്ചു. അതേ സമയം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻ്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു. 39 റൺസെടുത്ത പാർത്ഥിവ് പട്ടേലാണ് ബാംഗ്ലൂർ നിരയിൽ മികച്ച പ്രകടനം നടത്തിയത്.

പതിവു പോലെ തുടർച്ചയായ ബൗണ്ടറികളുമായി ബാറ്റിംഗ് ആരംഭിച്ച പാർത്ഥിവ് പവർ പ്ലേയുടെ അവസാന ഓവറിലാണ് പുറത്തായത്. കോഹ്ലിയോടൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത പാർത്ഥിവ് 20 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 39 റൺസെടുത്തിരുന്നു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നഷ്ടമായ ബാംഗ്ലൂരിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഡിവില്ല്യേഴ്സ് (17), ഹെൻറിച്ച് ക്ലാസൻ (3) എന്നിവർ പുറത്തായപ്പോഴും ഒരു വശത്ത് നിന്ന ശിവം ദുബേ 13ആം ഓവറിൽ പുറത്തായതോടെ ബാംഗ്ലൂരിൻ്റെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. 16 പന്തുകളിൽ രണ്ട് സിക്സറുകൾ അടക്കം 24 റൺസായിരുന്നു ദുബേയുടെ സമ്പാദ്യം.

ആറാം വിക്കറ്റിൽ ഗുർക്കീറത് സിംഗ് മാനും മാർക്കസ് സ്റ്റോയിനിസും ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ആർസിബിയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും 19ആം ഓവറിൽ 27 റൺസെടുത്ത ഗുർക്കീറത് പുറത്തായതോടെ അവർ തോൽവി ഉറപ്പിച്ചു. ജയിക്കാൻ 25 വേണ്ടിയിരുന്ന അവസാന ഓവറിൽ റബാഡ 10 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റെടുത്തതോടെ ബാംഗ്ലൂർ ടൂർണമെൻ്റിൽ നിന്ന് പുറത്ത്. 23 പന്തുകളിൽ 31 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് പുറത്താവാതെ നിന്നു.

നേരത്തെ നിശ്ചിത അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ, ക്യാപ്റ്റൻ ശ്രേയാസ് അയ്യർ എന്നിവരുടെ ഇന്നിംഗ്സുകളാണ് ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഷെർഫൈൻ റൂതർഫോർഡും ഡൽഹി ഇന്നിംഗ്സിൽ നിർണ്ണായക പങ്കു വഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here