കല്ലട ബസ് യാത്രക്കാരെ മർദ്ദിച്ച സംഭവം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു; സുരേഷിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എസിപി

കൊച്ചിയിൽ ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളെ വ്യക്തമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പ് തുടരും. കല്ലട സുരേഷിന്റെ പങ്കിനെകുറിച്ച് അന്വേഷിക്കുകയാണ്. സുരേഷിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകുമെന്നും അസിസ്റ്റൻറ് കമ്മീഷണർ സ്റ്റുവർട് കീലർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ നേരത്തെ മൂന്ന് തവണയും ഹാജരാകാതിരുന്ന സുരേഷ് കല്ലട കഴിഞ്ഞ തവണയാണ് അന്വേഷണ ചുമതലയുള്ള തൃക്കാക്കര പൊലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായത്.
തൃക്കാക്കര കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയ സുരേഷ് കല്ലടയെ അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരുമായി സുരേഷ് കല്ലടയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നത് സംബന്ധിക്കുന്ന ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here