ഭർത്താവ് പബ്ജി കളിക്കാൻ സമ്മതിക്കുന്നില്ല; വിവാഹമോചനം തേടി യുവതി

പബ്ജി കളിക്കാൻ സമ്മതിക്കാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം തേടി യുവതി. യുഎഇയിലെ അജ്മാൻ സ്വദേശിയായ യുവതിയാണ് ‘സമാധാനമായി’ പബ്ജി കളിക്കാൻ വിവാഹമോചനത്തിനൊരുങ്ങുന്നത്. ഗൾഫ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പബ്ജി കളിക്കാൻ സമ്മതിക്കാത്ത ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് 20കാരിയായ യുവതി പരാതി നൽകിയിട്ടുണ്ടെന്ന് അജ്മാൻ പൊലീസ് ക്യാപ്റ്റൻ വഫ ഖലീൽ അൽ ഹുസൈനി വ്യക്തമാക്കി. ഗെയിമിനോട് വർദ്ധിച്ചു വരുന്ന അഡിക്ഷൻ ശ്രദ്ധിച്ച ഭർത്താവ് യുവതിയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിനോദോപാധി തിരഞ്ഞെടുക്കാനുള്ള തൻ്റെ അവകാശത്തിൽ ഭർത്താവ് കൈകടത്തുന്നു എന്നാരോപിച്ച് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പബ്ജി കളിക്കുന്നതിലൂടെ തനിക്ക് സന്തോഷം ലഭിക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
കളിക്കുന്ന സമയം വളരെ പരിമിതമാണെന്നും അന്യ പുരുഷന്മാരുമായി സംസാരിക്കാതിരിക്കാൻ ചാറ്റ് ഓപ്ഷൻ ഒഴിവാക്കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അതേ സമയം, തീരെ കളി നിർത്തണമെന്നല്ല താൻ ആവശ്യപ്പെട്ടതെന്നും മുഴുവൻ സമയ ഗെയിം കളി മാറ്റി കുടുംബത്തിനു വേണ്ടി കുറച്ച് സമയം മാറ്റി വെക്കണമെന്ന് മാത്രമാണ് താൻ പറഞ്ഞെതെന്നും ഭർത്താവ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here