ചിരഞ്ജീവിയുടെ സിനിമാ സെറ്റിൽ വൻ തീപിടുത്തം; മൂന്ന് കോടിയുടെ നഷ്ടം
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സിനിമാ സെറ്റിൽ വൻ തീപിടുത്തം. ചിത്രീകരണം നടക്കുന്ന ചരിത്ര യുദ്ധ സിനിമയായ ‘സേ രാ നരസിംഹറെഡ്ഡി’യുടെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സിനിമാ അണിയറപ്രവർത്തകരെ വിവരം അറിയിച്ചത്. ഇതിനിടെ സെറ്റിലാകെ തീ പടർന്നിരുന്നു. സെറ്റിലെ ഉപകരണങ്ങളാകെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചരിത്ര കോട്ട നിർമ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇത് രണ്ടാം തവണയാണ് ഈ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറിൽ അന്നപൂർണ സ്റ്റുഡിയോയിൽ ഇട്ട സെറ്റിന് തീപിടിച്ച് രണ്ട് കോടിയുടെ നാശനഷ്ടം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here