Advertisement

ഫോനി ചുഴലിക്കാറ്റ് കരയിലെത്തി; ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത

May 3, 2019
Google News 11 minutes Read

ഒഡീഷയെ മുൾമുനയിലാക്കി ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റെത്തിയത്.  മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. കാറ്റിനെ തുടർന്ന് ഒഡീഷയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ ഒഡീഷയിലും ആന്ധ്രയിലും തീരപ്രദേശങ്ങളിൽ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 12 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 11 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. മുൻ കരുതലായി ഭുവനേശ്വറിൽ നിന്നുള്ള വിമാനസർവീസുകൾ ഇന്നലെ രാത്രിയോടെ നിർത്തിവെച്ചിരിക്കുകയാണ്. പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉൾപ്പെടെ ചെന്നൈ,കൊൽക്കത്ത റൂട്ടുകളിലെ 223 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

ഒഡീഷയിൽ 12 ജില്ലകളിൽ നിന്നായി 11.5 ലക്ഷം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ആയിരത്തോളം താൽക്കാലിക കേന്ദ്രങ്ങളാണ് ഇവരെ താമസിപ്പിക്കാനായി വിവിധയിടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിനായി കര,വ്യോമ,നാവിക സേനകളെ സജ്ജമാക്കിയിട്ടുണ്ട്. സേനാ വിഭാഗങ്ങൾക്ക് പുറമെ ദേശീയ ദുരന്തനിവാരണ സേനയും തീരസംരക്ഷണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്.

ഭക്ഷണപ്പൊതികളും മരുന്നും വിതരണം ചെയ്യുന്നതിനായി നാവികസേനയുടെ ഹെലിക്കോപ്റ്ററുകളും 2 കപ്പലുകളും സജ്ജമാണ്. ഒഡീഷയ്ക്കു പുറമേ ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം,വിശാഖപട്ടണം ബംഗാളിലെ ഹൗറ, ഹൂഗ്ലി,കൊൽക്കത്ത എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. കൊൽക്കത്തയിലുള്ള വിനോദ സഞ്ചാരികളോട് എത്രയും വേഗം തിരിച്ചുപോകാൻ ബംഗാൾ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here