ഫോനി ചുഴലിക്കാറ്റ്; മമത ബാനർജി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കി.മേദിനിപുരിയിൽ ഇന്നുച്ചയ്ക്ക് നടക്കേണ്ടിയിരുന്ന റാലിയുൾപ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്. ഒഡീഷ തീരത്തെത്തിയ ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.
Read Also; ഫോനി ചുഴലിക്കാറ്റ് കരയിലെത്തി; ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത
ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഒഴിവാക്കി. ജാർഖണ്ഡിലെ പ്രചാരണ പരിപാടികളാണ് ഒഴിവാക്കിയത്. ഇന്നു രാവിലെ പത്ത് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തെത്തിയത്. ഒഡീഷയിലെ പുരി തീരത്താണ് രാവിലെ കാറ്റെത്തിയത്. മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. കാറ്റിനെ തുടർന്ന് ഒഡീഷയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 12 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഒഡീഷയ്ക്കു പുറമേ ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിലെ ശ്രീകാകുളം, വിജയനഗരം,വിശാഖപട്ടണം ബംഗാളിലെ ഹൗറ, ഹൂഗ്ലി,കൊൽക്കത്ത എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. കൊൽക്കത്തയിലുള്ള വിനോദ സഞ്ചാരികളോട് എത്രയും വേഗം തിരിച്ചുപോകാൻ ബംഗാൾ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here