തൃക്കരിപ്പൂർ കള്ളവോട്ട്; ശ്യാംകുമാറിനെതിരെ ഇന്ന് കേസെടുത്തേക്കും

കാസർഗോഡ് തൃക്കരിപ്പൂരിൽ 48-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തു എന്ന സ്ഥിതികരണമുണ്ടായ കെ ശ്യാംകുമാറിനെതിരെ ചീമേനി പൊലീസ് ഇന്ന് കേസെടുത്തേക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.
ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 171 സി, ഡി എഫ് പ്രകാരം പൊലീസിന് പരാതി നൽകിശ്യാംകുമാറിനെതിരെ കേസെടുക്കാനാണ് വരണാധികാരിയായ കളക്ടർക്ക് നിർദേശം നൽകിയത്. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരം അന്വേഷണം നടത്തി തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.
അതേസമയം, കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ കണ്ണൂർ ജില്ലാ കലക്ടർ തെളിവെടുപ്പ് ആരംഭിച്ചു. പരാതി നൽകിയ എൽഡിഎഫ് ബൂത്ത് ഏജന്റുമാരെ വിവരം ശേഖരിക്കാൻ വിളിപ്പിച്ചു. ബൂത്ത് ലെവൽ ഓഫീസർ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നിവരെയും വിളിപ്പിച്ചു. അതിനിടെ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here