പെൺകുട്ടികളുടെ വസ്ത്രധാരണം: എംഇഎസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത

പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് എംഇഎസ് കൈക്കൊണ്ട നടപടി ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത. എംഇഎസിന്റെ കലാലയങ്ങളിൽ മുസ്ലീം പെൺകുട്ടികൾക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സർക്കുലർ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുർആനും നബിചര്യയും പ്രത്യേകം പരാമർശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളിൽ ഭേദഗതി വരുത്താൻ ആർക്കും അധികാരമില്ല. തിരുവല്ല ക്രൈസ്റ്റ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ തലമറക്കാനും ഫുൾസ്ലീവ് ഷർട്ട് ധരിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ രണ്ട് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴുണ്ടായ വിധിക്കെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. രണ്ട് കുട്ടികൾക്ക് മാത്രം ബാധകമായ ഹൈക്കോടതി വിധിയുടെ പേരിൽ വ്യാപകമായ തെറ്റിദ്ധാരണ പരത്താനുള്ള എംഇഎസിന്റെ ശ്രമം അപലപനീയമാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ ദിവസമാണ് എംഇഎസ് കോളേജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ കെപി ഫസൽ ഗഫൂർ വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യയന വർഷം മുതലാണ് ഇത് നടപ്പിൽ വരിക. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സർക്കുലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here