ഓച്ചിറയിൽ തട്ടിയെടുക്കപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് മടങ്ങി; ഇനി കേരളത്തിലേക്കില്ലെന്ന് പിതാവ്

ഓച്ചിറയിൽ നിന്നും തട്ടിയെടുക്കപ്പെട്ട ഇതര സംസ്ഥാന പെൺകുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് മടങ്ങി. ഇനി കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ ഇവർ കേസിൽ സഹായിച്ച എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി. അതേസമയം, പെൺകുട്ടി കൊല്ലത്തെ മഹിളാമന്ദിരത്തിൽ തുടരും.
കുടുംബം വാടകവീട് ഒഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബം കേരളം വിട്ടത് കേസിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക പൊലീസിനുണ്ട്. ബന്ധുക്കളോടൊപ്പം അയയ്ക്കരുതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയെ കൊല്ലത്തെ മഹിളാ മന്ദിരത്തിലാക്കിയിരിക്കുകയാണ്.
വലിയകുളങ്ങര സ്വദേശി മുഹമ്മദ് റോഷനും സംഘവും മാർച്ച് 18ന് രാത്രിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി താമസിച്ചിരുന്ന വീട് ആക്രമിച്ച് മാതാപിതാക്കളെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാർച്ച് 26ന് മുംബൈ പൻവേലിലെ ചേരിയിൽനിന്നു പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയെയും മുഹമ്മദ് റോഷനെയും കണ്ടെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും 18 വയസ്സ് പൂർത്തിയായെന്നുമാണു പെൺകുട്ടി കോടതിയിൽ രഹസ്യ മൊഴി നൽകിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 18 വയസായിട്ടില്ലെന്നും പീഡനത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടർന്നു മുഹമ്മദ് റോഷനും മറ്റു മൂന്നു പേർക്കുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. റോഷൻ റിമാൻഡിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here