സിപിഐഎമ്മിലെ ‘എം ‘ സൂചിപ്പിക്കുന്നത് കാൾ മാർക്‌സിനെ; ശാന്തിവനം സംരക്ഷിക്കപ്പെടണമെന്ന് ആഷിഖ് അബു

ശാന്തിവനം വിഷയത്തിൽ സിപിഐഎം സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് ആബു. സിപിഐഎമ്മിലെ ‘എം’ സൂചിപ്പിക്കുന്നത് കാൾ മാർക്‌സിനെയാണെന്നും ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
ശാന്തിവനത്തിൽ ടവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ചിലവഴിച്ച തുക തങ്ങൾ പിരിച്ചു തരാമെന്നും നഷ്ടം കമ്പനി സഹിക്കേണ്ടതില്ലെന്നും ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു. വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആഷിഖ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങൾ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സർക്കാർ. സിപിഐ(എം) കാൾ മാർക്‌സിനെയാണ് ‘എം’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വർഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെഎസ്ഇബിയുടെ 110 കെ വി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമിക്കുന്നതും ശാന്തിവനത്തിലാണ്. അരസെന്റ് ഭൂമി മാത്രമാണ് ടവർ നിർമ്മാണത്തിന് ആവശ്യമായി വരികയെന്നാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 50 സെന്റ് സ്ഥലം ഇതിനായി കെഎസ്ഇബി ഏറ്റെടുത്തു. നിരവധി മരങ്ങളും വെട്ടിനിരത്തി.
ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതോടെ ശാന്തിവനത്തിൽ കെഎസ്ഇബി നടത്തുന്ന ടവർ നിർമാണം നിർത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു. എന്നാൽ നിർദേശം മറികടന്ന് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ബോർഡ് നീക്കം നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് കെഎസ്ഇബി ശാന്തിവനത്തിൽ നിർമാണങ്ങൾ പുനരാരംഭിക്കാൻ എത്തിയത്. ഇതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.
മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്നതാണ് ശാന്തിവനം. മീനാ മേനോൻ എന്ന സ്ത്രീയും അവരുടെ ഒൻപതാം ക്ലാസ്സുകാരിയായ മകളും ചേർന്നാണ് ശാന്തിവനം സംരക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here