‘ശബരിമല വിഷയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു’: റെഡി ടു വെയ്റ്റ്

ശബരിമല വിഷയത്തിൽ ആർഎസ്എഎസിനുള്ളിൽ തർക്കം രൂക്ഷം. ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന് ഒരു വിഭാഗവും, സാധ്യമല്ലെന്ന് മറുപക്ഷവും വാദിക്കുന്നു. ഇതിനിടെ ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു ശബരിമലയെന്ന് റെഡി ടു വെയ്റ്റ് ആരോപിച്ചു.
യുവതീ പ്രവേശനത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ആചാരസംരക്ഷകർക്കിടയിൽ ചേരിപ്പോര് കനക്കുന്നത്. യുവതീ പ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു. ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേർന്നാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ആർവി ബാബു ഫേസ്ബുക്കിൽ കുറിച്ചു. പിന്നാലെ ആർഎസ്എസിൽ ആചാര സംരക്ഷണത്തിന് ഒപ്പം നിൽക്കുന്ന വിഭാഗം ഇതിനെതിരെ രംഗത്തെത്തി. ഇരുവിഭാഗവും സോഷ്യൽ മീഡിയയിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിക്കഴിഞ്ഞു.
Read Also : ‘മനിതി’ സംഘം ശബരിമലയിലേക്ക്; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്
അതേസമയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമാണ് ശബരിമലയെന്ന് റെഡി ടു വെയ്റ്റ് ആരോപിച്ചു. സംഘപരിവാർ നേതാക്കളായ ആർ.ഹരി, എം.എ.കൃഷ്ണൻ, എസ്.സേതുമാധവൻ എന്നിവർക്ക് പിണറായി വിജയനെ എതിർക്കാനുള്ള ആയുധമായിരുന്നു ശബരിമല എന്നും ഇവർ ആക്ഷേപിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ രൂപീകരിച്ച സംഘടനയാണ് റെഡി ടു വെയ്റ്റ്. വിദ്യാസാഗർ ഗുരുമൂർത്തി, പദ്മ പിള്ള, അഞ്ജലി ജോർജ്ജ്, ശങ്കു ടി ദാസ് തുടങ്ങിയവരാണ് ഇതിന്റെ തലപ്പത്തുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here