Advertisement

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കിൽ നിയമോപദേശം തേടുമെന്ന് സർക്കാർ; അന്തിമ തീരുമാനം നാളെയെന്ന് ആനയുടമകൾ

May 9, 2019
Google News 0 minutes Read

തെച്ചിക്കോട് രാമചന്ദ്രന്റെ വിലക്കിന്റെ കാര്യത്തിൽ നിയമോപദേശം തേടുമെന്ന് സർക്കാർ. ആനയുടമകൾ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടമകൾ ഉന്നയിച്ച പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനയുടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി മന്ത്രി വി എസ് സുനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു.

ഇപ്രാവശ്യത്തെ തൃശൂർ പൂരം മനോഹരമായി നടത്തുമെന്ന ഉറപ്പാണ് ലഭിച്ചിരിക്കുന്നത്. ആനയുടമകളുടെ പ്രശ്‌നങ്ങൾ, ആനകളും വനം വകുപ്പും ഉൾപ്പെട്ട വലിയൊരു പ്രശ്‌നമാണ്. തൃശൂർ പൂരം സംബന്ധിച്ചുള്ളത് വളരെ ചെറിയ ഒരു പ്രശ്‌നമാണ്. ആന പരിപാലനവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ പുതിയ നടപടികളാണ് ആനയുടമകളെ പ്രതിസന്ധിയിലാക്കുന്നത്. ഇന്നത്തെ യോഗത്തിൽ തീരുമാനം എടുക്കാൻ സാധിക്കില്ലെന്ന് ആനയുടമകളെ അറിയിച്ചു. മുഖ്യമന്ത്രി മടങ്ങിയെത്തിയാൽ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തും. കളക്ടർ ചെയർമാനായിട്ടുള്ള മോണിറ്ററിങ് കമ്മിറ്റിയാണ് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത്. അതിനുള്ള നിർദ്ദേശം കളക്ടർക്ക് നൽകിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ചർച്ചയിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് എംഎൽഎയും ആനയുടമ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയായ കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ അനുകൂലമായ ഒരു നിലപാടാണ് ഉണ്ടായത്. ദേവസ്വം മന്ത്രിയും കൃഷി മന്ത്രിയും പൂരം നല്ല രീതിയിൽ നടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തങ്ങളും അതിനോട് യോജിക്കുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ച ചോദ്യങ്ങളോട്, കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതേപ്പറ്റി കൂടുതൽ പ്രതികരിക്കാനാകില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. രാമചന്ദ്രൻ പൂരത്തിൽ പങ്കെടുക്കുന്ന ആനയില്ല. ആൾക്കൂട്ടമില്ലാത്ത ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആനയാണ്. നാളെ തൃശൂരിൽ യോഗം ചേർന്ന ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here