അടിച്ചൊതുക്കി ചെന്നൈ; അനായാസ ജയത്തോടെ ഫൈനലിൽ

ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിന് അനായാസ ജയം. 148 വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 6 പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഫാഫ് ഡുപ്ലെസിസിൻ്റെയും ഷെയിൻ വാട്സണിൻ്റെയും അർദ്ധസെഞ്ചുറികളാണ് ചെന്നൈയുടെ ജയം എളുപ്പമാക്കിയത്.
ഉജ്ജ്വലമായി പന്തെറിഞ്ഞു തുടങ്ങിയ ഡൽഹി ബൗളർമാർ ഓപ്പണർമാരെ കെട്ടിയിടുന്നതാണ് ആദ്യ ഓവറുകളിൽ കണ്ടത്. ആദ്യ പന്തിൽ തന്നെ ഒരു റണ്ണൗട്ടിൽ നിന്നും രക്ഷപ്പെട്ട ചെന്നൈ ഓപ്പണർമാർക്ക് ആദ്യ 4 ഓവറിൽ 14 റൺസ് മാത്രമാണ് ഡൽഹി വിട്ടു നൽകിയത്. അഞ്ചാം ഓവർ മുതൽ താളം കണ്ടെത്തിയ ഫാഫ് ഡുപ്ലെസിസ് തുടർച്ചയായ ബൗണ്ടറികളിലൂടെ അതിവേഗം സ്കോർ ഉയർത്താൻ തുടങ്ങിയതോടെ ഡൽഹി വലഞ്ഞു.
37 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തിയ ഫാഫിനോടൊപ്പം ഷെയിൻ വാട്സണും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങി. അർദ്ധസെഞ്ചുറിക്ക് തൊട്ടുപിന്നാലെ 11ആം ഓവറിൽ ട്രെൻ്റ് ബോൾട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയ ഫാഫ് വാട്സണൊപ്പം 81 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായിരുന്നു. ശേഷം കീമോ പോൾ എറിഞ്ഞ 12ആം ഓവറിൽ 25 റൺസടിച്ച വാട്സണും തൻ്റെ അർദ്ധസെഞ്ചുറിയിലെത്തി. 20 പന്തുകളിൽ നിന്നും 18 റൺസെടുത്തിരുന്ന വാട്സൺ 31 പന്തുകളിലാണ് അർദ്ധസെഞ്ചുറി കുറിച്ചത്.
അടുത്ത പന്തിൽ തന്നെ വാട്സണും മടങ്ങി. അമിത് മിശ്രയ്ക്കായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിലെത്തിയ റെയ്‌ന 11 റൺസെടുത്ത് അക്സറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ധോണിയും റായുഡുവും ഒത്തു ചേർന്നു. എന്നാൽ ജയിക്കാൻ രണ്ട് റൺസ് ആവശ്യമായിരിക്കെ സിക്സറടിച്ച് കളി ജയിക്കാൻ ശ്രമിച്ച എംഎസ് ധോണി ഇഷാന്തിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് രണ്ട് പന്തുകളിൽ ചെന്നൈ വിജയം കുറിക്കുകയായിരുന്നു. 20 പന്തുകളിൽ 20 റൺസെടുത്ത റായുഡുവു പുറത്താവാതെ നിന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ മുംബൈയെ നേരിടും.
നേരത്തെ മികച്ച പ്രകടനം നടത്തിയ ബൗളർമാരുടെ മികവിലാണ് ചെന്നൈ ഡൽഹിയെ 147ൽ തളച്ചത്. 25 പന്തുകളിൽ 38 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ചെന്നൈ ബൗളർമാരെല്ലാം മികച്ച രീതിയിൽ പന്തെറിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here