Advertisement

‘ഫീൽഡിൽ ഞാനേറ്റവുമധികം ശ്രദ്ധിക്കുന്ന രണ്ട് ബൗളർമാർ ബുംറയും ഭുവിയുമാണ്’; ഐപിഎല്ലിൽ അരങ്ങേറിയ മലയാളി പേസർ സന്ദീപ് വാര്യർ 24 ന്യൂസിനോട്

May 11, 2019
Google News 1 minute Read

ആദ്യമായിട്ടാണല്ലോ ഐപിഎല്ലിൽ കളിക്കുന്നത്? മുൻപ് റോയൽ ചലഞ്ചേഴ്സിൽ ഉണ്ടായിരുന്നുവെങ്കിലും കളിച്ചിരുന്നില്ല. എങ്ങനെയുണ്ടായിരുന്നു ആദ്യ അനുഭവം?

ഞാൻ റീപ്ലേസ്മെൻ്റ് ആയിട്ടാണല്ലോ പോയത്. ആദ്യമൊക്കെ എനിക്കറിയാമായിരുന്നു, ഉടനെയൊന്നും കളിക്കാൻ പറ്റില്ലെന്ന്. കാരണം പ്രസിദ്ധ് (കൃഷ്ണ) നന്നായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ഓക്ഷനിലെടുത്ത വേറെ ഫാസ്റ്റ് ബൗളർമാർ അവർക്കുണ്ടായിരുന്നു. തുടക്കത്തിൽ കളിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, മൂന്നാല് മാച്ച് കഴിഞ്ഞപ്പോൾ തന്നെ എൻ്റടുത്ത് കോച്ചസൊക്കെ വന്ന് പറഞ്ഞു, ‘റെഡി ആയിരിക്കണം. എല്ലാ കാര്യങ്ങളും കറക്റ്റായിട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെ തന്നെ ചെയ്താ മതി. അവസരം ലഭിക്കുമെ’ന്ന രീതിയിൽ അവർ പറഞ്ഞു. ഐപിഎൽ ആയതു കൊണ്ട് കൂടുതലായി ഒന്നും ചെയ്യണ്ട. സാധാരണ ചെയ്യും പോലെ പ്രകടനം നടത്തിയാൽ മതി എന്നും പറഞ്ഞിരുന്നു. പിന്നെ, മൂന്ന് മാച്ചാണ് കളിച്ചത്. നന്നായി ചെയ്തു എന്നാണ് വിശ്വാസം.  മെച്ചപ്പെടുത്താൻ കുറേയുണ്ട്. എന്നാലും രണ്ടാമത്തെ മാച്ചിൽ തന്നെ ആദ്യ ഐപിഎൽ വിക്കറ്റ് കിട്ടി. അതു കൊണ്ട് തന്നെ മോശമല്ലാതെ ചെയ്തു എന്നാണ് വിശ്വാസം.

ഇനിയും മെച്ചപ്പെടണമെങ്കിൽ, ദേശീയ ടീമിലൊക്കെ കളിക്കണമെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഞാൻ പ്രധാനമായും നോക്കുന്ന രണ്ട് ബൗളർമാർ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമാണ്. അവരെന്ത് ചെയ്യുന്നു എന്നാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. അവരെന്താണ് ഇന്ത്യൻ ടീമിൽ ഇത്ര വിജയകരമായി പ്രകടനം നടത്തുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു. മൂന്നാല് കൊല്ലം ഐപിഎല്ലിൽ നിന്ന് മാറി നിന്നിട്ട് തിരികെ വരുമ്പോൾ,ഗെയിം ഒരു പോലെയാണ്. പ്രാദേശികമായി 60 ശതമാനം കഴിവുണ്ടെങ്കിൽ പോലും നമുക്ക് അതിജീവിക്കാൻ സാധിക്കും. പക്ഷേ, ഐപിഎൽ അല്ലെങ്കിൽ ഇൻ്റർനാഷണൽ സ്റ്റേജിൽ 80-85 ശതമാനം കഴിവ് വേണം. ഒന്നോ രണ്ടോ മാച്ച് കളിച്ച് പോവാൻ എല്ലാവർക്കും പറ്റും. പക്ഷേ, അവിടെ അതിജീവിക്കുക എന്നാണ് ബുദ്ധിമുട്ട്.

ജാക്ക് കാലിസ് പോലൊരു ഇതിഹാസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കോച്ചിംഗ് സ്റ്റാഫിൽ ഉണ്ടായിരുന്നല്ലോ. അവിടെ നിന്നും എന്തൊക്കെ പഠിച്ചു?

അങ്ങനെയൊരു വലിയ താരം എന്ന ലേബലൊന്നും അദ്ദേഹം കാണിക്കാറില്ല. ഒരു സാധാരണ കോച്ചിംഗ് സ്റ്റാഫിനെപ്പോലെ കാര്യങ്ങളൊക്കെ പറഞ്ഞ് തരും. കാര്യങ്ങളൊന്നും വലിയ സങ്കീർണ്ണമാക്കാറില്ല. നമ്മൾ പരിശീലനത്തിലെന്താണോ ചെയ്യുന്നത് അത് മെച്ചപ്പെടുത്താൻ സഹായിക്കും. അല്ലാതെ അദ്ദേഹം ഉദ്ദേശിക്കുന്നത് തന്നെ ചെയ്യണമെന്നൊന്നുമില്ല. നമ്മുടെ പ്ലാൻ എന്താണോ അതെങ്ങനെ നടപ്പിലാക്കാമെന്നതിന് സഹായിക്കും. നിർബന്ധ ബുദ്ധിയൊന്നും ഇല്ല. സ്വന്തം കരുത്തിൽ കളിക്കുക എന്നതാണ് കാലിസിൻ്റെ ഒരു കാഴ്ചപ്പാട്.

സാധാരണ ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ലെംഗ്ത് അല്ലല്ലോ ഐപിഎല്ലിൽ വേണ്ടത്. വേരിയേഷനുകളാണ് പ്രധാനം. പേസ്, ലെംഗ്ത് വേരിയേഷനുകൾ മിക്സ് ചെയ്ത് പന്തെറിയുക എന്നതാണല്ലോ. സ്ഥിരതയ്ക്കപ്പുറം വേരിയേഷനാണല്ലോ അവിടെ ശ്രദ്ധിക്കേണ്ടത്. തന്നെയല്ല, പേസ് വെരിയേഷനിലാണ് ആദ്യ വിക്കറ്റ്, കെഎൽ രാഹുലിൻ്റെ വിക്കറ്റ് കിട്ടുന്നത്. ടി-20യിൽ ഇന്ത്യൻ പേസർമാർ അങ്ങനെയൊരു ചേഞ്ച് കൊണ്ടു വന്നിട്ട് ഒരുപാട് നാളായിട്ടില്ല. സന്ദീപ് എപ്പോൾ മുതൽക്കാണ് അങ്ങനെയൊരു ചേഞ്ച് ബൗളിംഗിൽ പരീക്ഷിക്കുന്നത്?

പേസ് വേരിയേഷൻ കഴിഞ്ഞ സീസണിലാണ് തുടങ്ങിയത്. പക്ഷേ, നെറ്റ്സിൽ പ്രാക്ടീസ് ചെയ്ത് ഒരു ആത്മവിശ്വാസം കിട്ടുന്നത് വരെ ഞാനത് മാച്ചിൽ ഉപയോഗിച്ചില്ല. നന്നായി പ്രാക്ടീസ് ചെയ്ത് ആ സ്കിൽ ലെവൽ നമുക്ക് കൃത്യമായി ലഭിച്ചു എന്ന് ഉറപ്പിച്ചതിനു ശേഷമേ അത് മാച്ചിൽ ഉപയോഗിക്കാൻ പറ്റൂ. അല്ലെങ്കിൽ പരാജയപ്പെടും. ഞാൻ അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്. എനിക്ക് 8-10 മാസമെടുത്തു നക്കിൾ ബോളും ഓഫ് കട്ടറുമൊക്കെ വഴങ്ങാൻ. അവസാന സീസൺ മുതൽ ഞാനിതിൻ്റെ തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഈ സീസണിൽ, ഐപിഎല്ലിൻ്റെ ആ സമയമൊക്കെ ആയപ്പോഴേക്കും ഇത് മാച്ചിൽ പുതിയ പന്തിലും എറിയാൻ പറ്റും എന്ന ആത്മവിശ്വാസം ലഭിച്ചു. അന്നത്തെ കിംഗ്സ് ഇലവനെതിരെ നടന്ന മത്സരത്തിലെ പിച്ചും കുറച്ച് സ്ലോ വിക്കറ്റായിരുന്നു. കെഎൽ രാഹുലും ഗെയിലും ഫോമിൽ നിൽക്കുന്ന ബാറ്റ്സ്മാന്മാർ ആയിരുന്നു. വേരിയേഷൻ പരീക്ഷിച്ചില്ലെങ്കിൽ അവരെന്നെ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ടായിരുന്നു. പ്രെഡിക്ടബിൾ ആവരുതെന്നുണ്ടായിരുന്നു.

ആ പിച്ചിൽ സ്വിങ് കിട്ടുന്നുണ്ടായിരുന്നില്ല. രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കുക എന്നതാണ് എൻ്റെ കരുത്ത്. ആദ്യത്തെ ഒന്നു രണ്ട് പന്ത് കഴിഞ്ഞപ്പോൾ തന്നെ സ്വിങ് കിട്ടുന്നില്ലെന്ന് എനിക്ക് മനസ്സിലായി. പിന്നെ, എൻ്റെ സ്പീഡ് 140-142 ഒക്കെയാണ്. അത് എനിക്ക് തുടർച്ചയായി എറിയാൻ പറ്റും. ആ സ്പീഡിൽ സ്വിങ് ചെയ്യിക്കുക എന്നതാണ് എൻ്റെ സ്ട്രെങ്ത്. അതിൽ തുടങ്ങി. പക്ഷേ, ആ വിക്കറ്റിൽ അധികം സ്വിങ് ഉണ്ടായിരുന്നില്ല. അപ്പോൾ എൻ്റെ സെക്കൻഡ് പ്ലാൻ. സ്പീഡ് വേരിയേഷനും ബാക്ക് ഓഫ് ലെംഗ്തും മിക്സ് ചെയ്യുക എന്നതായിരുന്നു രണ്ടാമത്തെ പ്ലാൻ. അത് പരീക്ഷിച്ചു. രണ്ട് പന്തുകൾ ഒരു സ്പീഡിലെറിഞ്ഞു, മൂന്നാം പന്ത് സ്ലോ എറിഞ്ഞതു കൊണ്ടാവണം ആ വിക്കറ്റ് കിട്ടിയത്.

യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെതിരെ പ്രത്യേകിച്ച് എന്തെങ്കിലും പ്ലാൻ ഉണ്ടായിരുന്നോ?

ക്രിസ് ഗെയിലിനെതിരെയും കെഎൽ രാഹുലിനെതിരെയും ഒരേ പ്ലാൻ തന്നെയായിരുന്നു. അവരുടെ കരുത്തിൽ എറിയാതിരിക്കുക എന്നതായിരുന്നു തന്ത്രം. ഒന്നുകിൽ ബോഡി ലൈനിൽ ബാക്ക് ഓഫ് ലെംഗ്ത്, അല്ലെങ്കിൽ സ്ലോ ബോൾ. ഇതായിരുന്നു പ്ലാൻ. അന്നത്തെ ദിവസം ഭാഗ്യമുണ്ടായിരുന്നു. ആ രണ്ട് വിക്കറ്റും കിട്ടി. അങ്ങനൊരു ബാറ്റ്സ്മാനെതിരെ നമുക്കൊന്നും മുൻകൂട്ടി ഉറപ്പിക്കാനാവില്ല. രാഹുലിൻ്റെ വിക്കറ്റ് സ്ലോ ബോളിലും ഗെയിലിൻ്റെ വിക്കറ്റ് ബാക്ക് ഓഫ് ലെംഗ്തിലുമാണ് കിട്ടിയത്. ആ രണ്ട് പ്ലാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോ ആ പ്ലാൻ വർക്കൗട്ടായി എന്നാണ് വിശ്വാസം.

പിന്നെ, ഐപിഎൽ പോലൊരു പ്ലാറ്റ്ഫോമിൽ ആദ്യ വർഷം പെർഫോം ചെയ്യൽ താരതമ്യേന എളുപ്പമായി തോന്നി. കാരണം, അധികമാർക്കും നമ്മളെ അറിയില്ല. ഇക്കൊല്ലം, ഞാനൊരു പുതിയ ആളായതു കൊണ്ടാണ് എനിക്ക് അല്പം നന്നായി പ്രകടനം നടത്താൻ പറ്റിയതെന്നാണ് എനിക്കു തോന്നുന്നത്. അടുത്ത വർഷം വരുമ്പോൾ ഇതിനെക്കാൾ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമായിരിക്കും. കുറച്ചു കൂടി ഇംപ്രൂവ് ചെയ്യേണ്ടി വരും. അതിനെപ്പറ്റി ഇപ്പോൾ ആലോചിച്ച് തുടങ്ങിയിട്ടില്ല. ഇപ്പോൾ വീട്ടിലേക്ക് പോയി കുറച്ചു ദിവസം ബ്രേക്കെടുക്കണം. എന്നിട്ടേ ബാക്കി കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നുള്ളൂ. ഒരിക്കലും തൃപ്തനാവരുത് എന്ന പാഠമാണ് ഞാൻ പഠിച്ചത്. ഒരു സീസൺ കൊണ്ട് തൃപ്തനാവരുത്.

ഡെത്ത് ഓവറിൽ സന്ദീപിനെക്കൊണ്ട് അധികം പന്ത് എറിയിച്ചില്ലല്ലോ. അതെന്തു കൊണ്ടാണ്? ആ സ്കിൽ ഇല്ലാത്തതു കൊണ്ടാണോ?

എന്നോട് ഡികെ ഭായ് (ദിനേഷ് കാർത്തിക്) പറഞ്ഞത്- ഞാൻ കളിച്ച മത്സരങ്ങളൊക്കെ ഉറപ്പായും ജയിക്കേണ്ട കളികളായിരുന്നു- അപ്പോൾ എൻ്റെ കരുത്ത് പുതിയ പന്തിൽ സ്വിങ് കണ്ടെത്തുക എന്നതാണെന്ന് പുള്ളിക്ക് അറിയാമായിരുന്നു. കാരണം, ഡികെ ഭായ് എന്നെ കുറേ കൊല്ലങ്ങളായിട്ട് കാണുന്ന ആളാണ്. അപ്പോ, ആ കരുത്ത് വെച്ചിട്ട് തന്നെ എന്നെ ഉപയോഗിക്കാമെന്ന പ്ലാനായിരുന്നു.

പിന്നെ, അടുത്ത കൊല്ലത്തെപ്പറ്റി എന്നോട് പറഞ്ഞിരിക്കുന്നത്, അടുത്ത കൊല്ലം ടീമിലെത്തിയാൽ ഡെത്തോവർ കിട്ടും. അപ്പോ ആ സ്കില്ലുകൾ കൂടി മെച്ചപ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ വർഷം എൻ്റെ കംഫർട്ട് സോണിൽ പന്തെറിയിപ്പിക്കുക എന്നതായിരുന്നു ഡികെ ഭായിയുടെ പ്ലാൻ.

സന്ദീപിനിപ്പോ 28 വയസ്സായി. കഴിഞ്ഞ രഞ്ജി സീസണിൽ 44 വിക്കറ്റുകളെടുത്തിരുന്നു, കേരളത്തിൻ്റെ ടോപ്പ് വിക്കറ്റ് ടേക്കർ. മുൻപും നല്ല പ്രകടനങ്ങൾ നറ്റത്തിയിട്ടുണ്ട്. എന്നിട്ടും ഐപിഎൽ പോലൊരു പ്ലാറ്റ് ഫോമിൽ, ലൈം ലൈറ്റിൽ വരാൻ കുറച്ച് താമസിച്ചു എന്ന് തോന്നുന്നുണ്ടോ?

ക്രിക്കറ്റിൽ ഒന്നും പ്രവചിക്കാൻ പറ്റില്ല. ഞാൻ ആദ്യം ഐപിഎല്ലിൽ വരുന്നത് 21ആം വയസ്സിലാണ്. മൂന്നു കൊല്ലം ടീമിലുണ്ടായിരുന്നു. പക്ഷേ, മാച്ചിൽ കളിക്കാൻ പറ്റിയില്ല. പിന്നെ വർഷം രഞ്ജി ട്രോഫിയിൽ എനിക്ക് നന്നായി കളിക്കാൻ പറ്റി. പക്ഷേ, ഐപിഎല്ലിൽ കളിക്കാൻ പറ്റിയില്ല. പിന്നെ കഴിഞ്ഞ സീസണിലെ പ്രകടനത്തിനു ശേഷമാണ് ഐപിഎല്ലിൽ കളിക്കാൻ പറ്റിയത്. ചിലപ്പോൾ കുറച്ചൊക്കെ താമസിക്കും. പക്ഷേ, കഴിവിനുള്ള അംഗീകാരം കിട്ടും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ബേസിൽ തമ്പി നേരത്തെ അരങ്ങേറിയത്, അവൻ ആ സീസണിലൊക്കെ നന്നായിട്ട് ചെയ്തു. കഠിനാധ്വാനം ചെയ്തു. അപ്പോ അവന് ഐപിഎല്ലിൽ കളിക്കാൻ പറ്റി. ഇന്ത്യൻ ടീമിലും കേറി. ചിലപ്പോ ഈ കൊല്ലം മുതലായിരിക്കും എൻ്റെ സമയം വരുന്നത്. ചിലപ്പോഴൊക്കെ ചാൻസ് കിട്ടാതാവുമ്പോ നിരാശ തോന്നും. പക്ഷേ, വീണ്ടും മെച്ചപ്പെടുക എന്നതാണ് കാര്യം. ഇപ്പോ, 3ഒ വിക്കറ്റെടുത്തിട്ടും ഐപിഎല്ലിൽ കിട്ടാതാവുമ്പോ നിരാശനായി ഇരിക്കാം. പക്ഷേ അതല്ല, അതിനെക്കാൾ നന്നായി പ്രകടനം നടത്തിക്കാണിക്കുക എന്നതാണ് കാര്യം. അപ്പോ അതിന് ഫലം കിട്ടും.

ഒരിക്കലും താമസിച്ചു പോയി എന്ന് ഞാൻ പറയില്ല. കാരണം, ആശിഷ് നെഹ്റ പത്ത് കൊല്ലത്തിനു ശേഷം ഇന്ത്യൻ ടീമിൽ വന്ന് നന്നായി പെർഫോം ചെയ്തതാണ്. പ്രവീൺ താംബെ ഐപിഎല്ലിൽ വരുന്നത് നാല്പതാം വയസ്സിലാണ്. പക്ഷേ, അവരുടെ ഫിറ്റ്നസും അവരുടെ വർക്ക് എത്തിക്സുമൊക്കെ അത്രേം ഉയർന്ന നിലവാരത്തിലായിരുന്നു. അത് എനിക്കും കീപ്പ് ചെയ്യാൻ പറ്റിയാൽ ഒരിക്കലും ഞാൻ വൈകിയിട്ടില്ല.

സഞ്ജു സാംസണിനെപ്പറ്റി കമൻ്റേറ്റർമാർക്കും ക്രിക്കറ്റ് പണ്ഡിറ്റുകൾക്കുമൊക്കെ വലിയ അഭിപ്രായമാണ്. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തത് അവർക്കൊക്കെ അത്ഭുതമാണ്. അപ്പോ, സഞ്ജുവിന് അർഹിച്ച അവസരം ലഭിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?

അവൻ്റെ ടാലൻ്റ് വെച്ച് അവന് കിട്ടാനുള്ളത് എപ്പഴായാലും കിട്ടും. പക്ഷേ, അവനെപ്പോലൊരു കളിക്കാരൻ ഇതുവരെ ഇന്ത്യൻ ടീമിൽ കളിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്നതാണ്. പക്ഷേ, അവൻ്റെ വർക്ക് എത്തിക് വെച്ച് അവൻ ഒരു കൊല്ലം ഇന്ത്യയിൽ കളിച്ചാൽ ഇന്ത്യൻ ടീമിൻ്റെ മധ്യനിരയിൽ സ്ഥിരപ്പെടും. അങ്ങനൊരു കളിക്കാരനാണ്.

സഞ്ജുവിനെ അടുത്ത് കാണാനും മനസ്സിലാക്കാനുമൊക്കെ പറ്റിയിട്ടുള്ള ആളാണ് സന്ദീപ്. എങ്ങനെയാണ് സഞ്ജുവിൻ്റെ വളർച്ച സന്ദീപ് അടയാളപ്പെടുത്തുന്നത്?

ഞാൻ വന്നപ്പോ അവൻ ഭയങ്കര ചെറുപ്പമാണ്. ആ സമയം മുതൽക്കു തന്നെ അവൻ്റെ ആറ്റിറ്റ്യൂഡ് ഹൈലെവലാണ്. എപ്പഴും എനർജി ലെവലും ആറ്റിറ്റ്യൂഡും ടോപ്പ് ലെവലിലാണ് ഉണ്ടാവുക. ഒരിക്കലും നിരാശനായി അവനെ കണ്ടിട്ടില്ല. ടീം നല്ല പ്രകടനം നടത്താത്ത സമയത്ത് മാത്രമാണ് അവനെ നിരാശനായി കാണുക. അവൻ നന്നായി പ്രകടനം നടത്തിയില്ലെങ്കിലും ടീം നന്നായി കളിച്ചില്ലെങ്കിൽ അവനു ഭയങ്കര വിഷമമാണ്. അതാണവൻ്റെ മെയിൻ ക്വാളിറ്റി.

ബാറ്റിംഗിനെപ്പറ്റിയാണെങ്കിൽ ഞാൻ വരുമ്പോ അവൻ 50 ശതമാനത്തിലായിരുന്നെങ്കിൽ ഇപ്പോൾ അവൻ 80-85 ശതമാനത്തിലാണ്. അവനത്ര കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവൻ നാലും അഞ്ചും മണിക്കൂറൊക്കെ നെറ്റ്സിൽ പ്രാക്ടീസ് ചെയ്യാറുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്കില്ലാണ്. പക്ഷേ, എനിക്കറിയാം അവനിനിയും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും.

കേരളാ ക്രിക്കറ്റ് കുറച്ച് വർഷങ്ങളായി നല്ല പുരോഗതി കാണിക്കുന്നുണ്ട്. യൂത്ത് ടീമുകളും, കേരള സീനിയർ ടീമുമൊക്കെ നല്ല പ്രകടനം കാഴ്ച വെക്കുന്നു. വാട്മോർ എഫക്ട് എത്രയുണ്ട് ഈ പ്രകടനത്തിൽ?

വാട്മോർ വന്നിട്ട് കളിക്കാരുടെ മാനസിക നില തന്നെ മാറ്റി. ഫീൽഡിറങ്ങി നല്ല പ്രകടനം നടത്താനുള്ള മാനസിക കരുത്ത് അദ്ദേഹം നൽകുന്നുണ്ട്. ഭയമില്ലാതെ എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് വാട്മോർ പഠിപ്പിച്ചു. ഗ്രൗണ്ടിൽ എങ്ങനെ മുഴുവൻ കരുത്തും കാണിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. അതുകൊണ്ടാണ് നമ്മുടെ ടീം പുരോഗതി പ്രാപിച്ചത്.

അടുത്ത വർഷം കൊൽക്കത്തയിൽ തന്നെ ഉണ്ടാവുമോ?

അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അടുത്ത വർഷമേ അറിയാൻ കഴിയൂ.

സന്ദീപിൻ്റെ കുടുംബം?

അമ്മ, അച്ഛൻ, ചേച്ചി. തൃശൂരാണ് വീട്. കല്യാണ  നിശ്ചയം കഴിഞ്ഞു. കല്യാണം ഈ വർഷം തന്നെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here