അവിശ്വസനീയം ഈ ഫൈനൽ: മുംബൈക്ക് നാലാം കിരീടം

ഐപിഎൽ പന്ത്രണ്ടാം പതിപ്പിൽ മുംബൈ ഇന്ത്യൻസിന് കിരീടം. ഇതോടെ നാലാം കിരീടമാണ് മുംബൈ സ്വന്തമാക്കിയത്. 59 പന്തുകളിൽ 80 റൺസെടുത്ത ഷെയിൻ വാട്സൺ ചെന്നൈക്ക് വേണ്ടി പൊരുതിയെങ്കിലും ഫിനിസിംഗ് ലൈൻ കടക്കാനായില്ല. അവസാന പന്തിലായിരുന്നു മുംബൈയുടെ ജയം.

കിരീടധാരണത്തിലേക്ക് 150 റൺസ് വിജയല്ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്കും ഓപ്പണർമാർ നൽകിയത് ഗംഭീര തുടക്കമാണ്. നാലാം ഓവറിൽ കൃണാൽ പാണ്ഡ്യ ഫാഫ് ഡുപ്ലെസിസിനെ പുറത്താക്കി മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകുമ്പോൾ ചെന്നൈയുടെ സ്കോർ ബോർഡിലുണ്ടായിരുന്നത് 33 റൺസായിരുന്നു. 13 പന്തുകളിൽ 26 റൺസെടുത്ത ഡുപ്ലെസിസ് കൃണാലിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങവേയാണ് പുറത്തായത്.

തുടർന്ന് ക്രീസിലെത്തിയ റെയ്ന 8 റൺസെടുത്ത് പുറത്തായി. ഒരു വശത്ത് ഓപ്പണർ ഷെയിൻ വാട്സൺ പിടിച്ച് നിൽക്കുമ്പോഴും പിന്നാലെ വന്നവർക്കൊന്നും വാട്സണ് പിന്തുണ നൽകാനായില്ല. 8 റൺസെടുത്ത സുരേഷ് റെയ്ന 10ആം ഓവറിലും ഒരു റൺസെടുത്ത അമ്പാട്ടി റായുഡു തൊട്ടടുത്ത ഓവറിലും പുറത്തായി.

13ആം ഓവറിൽ 2 റൺസെടുത്ത എംഎസ് ധോണി റണ്ണൗട്ടായതോടെ ചെന്നൈ പകച്ചു. ഒരു ഓവർ ത്രോയിൽ ഡബിൾ ഓടാൻ ശ്രമിച്ച ധോണിയെ ഇഷൻ കിഷൻ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു.

ഇതിനിടെ 44 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ഷെയ്ൻ വാട്‌സൺ ബ്രാവോയെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. മലിംഗ എറിഞ്ഞ 16ആം ഓവറിൽ 20 റൺസടിച്ച ചെന്നൈ റൺ നിരക്ക് തിരിച്ചു പിടിച്ചു. അവസാന മൂന്നോവറുകളിൽ നിന്ന് 38 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്.

കൃണാൽ പാണ്ഡ്യ എറിഞ്ഞ 18ആം ഓവറിൽ 20 റൺസടിച്ച ചെന്നൈക്ക് ബുംറ എറിഞ്ഞ 19ആം ഓവറിൽ ബ്രാവോയെ നഷ്ടമായി. 15 റൺസായിരുന്നു ബ്രാവോയുടെ സ്കോർ. ആ ഓവറിൽ ചെന്നൈ 9 റൺസെടുത്തതോടെ അവസാന ഓവറിൽ വിജയ ലക്ഷ്യം 9 റൺസ്.

മലിംഗ എറിഞ്ഞ ആ ഓവറിലെ നാലാം പന്തിൽ വാട്സൺ റണ്ണൗട്ടായതോടെ കളി ത്രില്ലറിലേക്ക്. 59 പന്തുകളിൽ 8 ബൗണ്ടറിയും 4 സിക്സറും സഹിതമായിരുന്നു വാട്സണിൻ്റെ ഇന്നിംഗ്സ്. അവസാന രണ്ട് പന്തുകളിൽ ജയിക്കാൻ ചെന്നൈക്ക് വേണ്ടത് 4 റൺസ്. അഞ്ചാം പന്തിൽ ഡബിളോടിയ ഷർദുൽ താക്കൂർ കളി അവസാന പന്തിലേക്ക് നീട്ടി. അവസാന പന്തിൽ ഷർദുലിനെ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ മുംബൈക്ക് ഒരു റണ്ണിൻ്റെ അവിസ്മരണീയ വിജയം.

വാട്സണെ മൂന്നു വട്ടം നിലത്തിട്ട മുംബൈ പരാജയം ചോദിച്ചു വാങ്ങുമെന്ന് കരുതി. 31, 42, 55 എന്നീ സ്കോറുകളിൽ നിൽക്കെയാണ് മുംബൈ ഫീൽഡർമാർ വാട്സണെ നിലത്തിട്ടത്. മലിംഗ ഒരു തവണയും രാഹുൽ ചഹാർ രണ്ടു തവണയും വാട്സണിനു ലൈഫ് നൽകി.

നേരത്തെ, 41 റൺസെടുത്ത കീറോൺ പൊള്ളാർഡ് ആയിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ ടോപ്പ് സ്കോറർ. 29 റൺസെടുത്ത ക്വിൻ്റൺ ഡികോക്കും മുംബൈക്കു വേണ്ടി തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത ദീപക് ചഹാറാണ് മുംബൈ ബാറ്റിംഗിനെ കശാപ്പ് ചെയ്തത്. രണ്ട് വീതം വിക്കറ്റുകൾ നേടിയ ഷർദ്ദുൽ താക്കൂർ, ഇമ്രാൻ താഹിർ എന്നിവരും ചെന്നൈക്കു വേണ്ടി തിളങ്ങി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More