ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിൽ സംഘർഷം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ബീഹാർ, മധ്യപ്രദേശ്, ബംഗാൾ,ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏറ്റവുമൊടുവിൽ ലഭിച്ച  കണക്കുകൾ പ്രകാരം പശ്ചിമബംഗാളിലും (38.26%) ജാർഖണ്ഡിലും(31.27) ആണ് ഏറ്റവും കൂടുതൽ പോളിങ്  രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത്, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടങ്ങിയവർ ഇന്ന് വോട്ട് രേഖപ്പെടുത്തിയ പ്രമുഖരിൽ പെടുന്നു.

അതേ സമയം വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി ഭാരതി ഘോഷിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. പശ്ചിമബംഗാളിലെ ഝാർഗാം ജില്ലയിൽ ഇന്നലെ രാത്രി ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രതയിലാണ് പോലീസ്. ബംഗാളിൽ രണ്ടിടങ്ങളിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷങ്ങളിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. വോട്ടെടുപ്പിനിടെ പലയിടത്തും ബിജെപി-തൃണമൂൽ സംഘർഷം തുടരുന്നതായാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top