Advertisement

ഉത്തരക്കടലാസിൽ അധ്യാപകന്റെ തിരുത്തൽ; വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

May 14, 2019
Google News 1 minute Read

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അധ്യാപകൻ പരീക്ഷയെഴുതുകയും ഉത്തരക്കടലാസിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്.ചില വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ അധ്യാപകൻ തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിദ്യാർത്ഥികളോടാണ്  വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 10 ന് നടക്കുന്ന സേ പരീക്ഷയ്‌ക്കൊപ്പമാണ് ഇവരോട് വീണ്ടും പരീക്ഷ എഴുതാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. അതേ സമയം വീണ്ടും പരീക്ഷ എഴുതാൻ തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. പെട്ടെന്ന് പരീക്ഷ എഴുതാൻ കഴിയില്ലെന്നും ഈ നിർദേശം അനുസരിക്കില്ലെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്. വീണ്ടും പരീക്ഷ എഴുതിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് കുട്ടികളുടെ മാതാപിതാക്കളും അറിയിച്ചു.

Read Also; നീലേശ്വരം സ്‌കൂളിലെ പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകി

അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഇന്ന്  മൊഴിയെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്‌കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും മൊഴിയെടുത്തത്. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ.എസ് എസ് വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്‌ക്കൂളിലെ പരീക്ഷാ സംബന്ധമായ രേഖകളും സംഘം പരിശോധിച്ചു.

Read Also; നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷയെഴുതിയ സംഭവം; വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കുന്നു

സംഭവത്തിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടിനും സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. അധ്യാപകർ നേരത്തെയും ഇത്തരത്തിൽ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയിട്ടുള്ളതായി സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതേപ്പറ്റിയും വിശദമായി അന്വേഷിച്ചു വരുകയാണ്. വിജയശതമാനം കൂട്ടുന്നതിന് വേണ്ടിയാണ് സ്‌കൂൾ പ്രിൻസിപ്പലിന്റെ അറിവോടെ അധ്യാപകൻ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here