നീലേശ്വരം സ്‌കൂളിൽ അധ്യാപകൻ പരീക്ഷയെഴുതിയ സംഭവം; വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കുന്നു

കോഴിക്കോട് നീലേശ്വരം സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അധ്യാപകൻ പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്‌കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും മൊഴി എടുക്കുന്നത്.
Read Also; ആളു മാറി പരീക്ഷയെഴുതിയത് സ്കൂളിനു 100 ശതമാനം വിജയത്തിനു വേണ്ടിയെന്ന് അദ്ധ്യാപകൻ
ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കുന്നത്.ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ.എസ് എസ് വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ സ്‌ക്കൂളിലെ പരീക്ഷാ സംബന്ധമായ രേഖകളും പരിശോധിക്കും.
സംഭവത്തിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടിനും സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ കേസെടുത്തിരുന്നു. അധ്യാപകർ നേരത്തെയും ഇത്തരത്തിൽ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയിട്ടുള്ളതായി സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇതേപ്പറ്റിയും വിശദമായി അന്വേഷിച്ചു വരുകയാണ്. വിജയശതമാനം കൂട്ടുന്നതിന് വേണ്ടിയാണ് നീലേശ്വരം സ്‌കൂൾ പ്രിൻസിപ്പലിന്റെ അറിവോടെ അധ്യാപകൻ ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here