കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി

കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി. കേസിലെ തൊണ്ണൂറ്റിയൊന്നാം സാക്ഷി സുനീഷ്, തൊണ്ണൂറ്റി രണ്ടാം സാക്ഷി മുനീർ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തും അയൽവാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു ഇവർ. നിയാസ് മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴികളാണ് തിരുത്തിയത്.
കേസിൽ ഇതോടെ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു.അതേ സമയം കെവിന്റെ മുണ്ട് കണ്ടെത്തിയപ്പോൾ സാക്ഷിയായ അലക്സ് പി ചാക്കോ ,ശാസ്താംകോന്നം റൂട്ടിൽ കലുങ്കിനടിയിൽ നിന്നും വാൾ കണ്ടെത്തിയ സ്ഥലത്തെ സാക്ഷി ഹരികുമാർ എന്നിവർ തൊണ്ടി മുതൽ കോടതിയിൽ തിരിച്ചറിഞ്ഞു. 2018 മെയ് 27 നാണ് കെവിൻ കൊല്ലപ്പെട്ടത്. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കെവിൻ നീനു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനത്തെ തുടർന്ന് നീനുവിന്റെ പിതാവും സഹോദരനും ഉൾപ്പെടെ ചേർന്ന് കെവിന്റെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here